പി പി ചെറിയാൻ

വെർജിനിയ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് കാപ്പിറ്റോൾ ബിൽഡിംഗിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത വെസ്റ്റ് വെർജിനിയ നിയമസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ ഡെറിക് ഇവാൻസ് നിയമ സഭാംഗത്വം രാജിവെച്ചു. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ഡെറിക് ഇവാൻസ് ബിൽഡിംഗിനകത്തേക്ക്് കയറുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അദ്ദേഹം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഡെറിക്കിനെതിരെ ഫെഡറൽ കേസെടുത്ത് അറസ്റ്റു ചെയ്തതിനെ തുടർന്നായിരുന്നു രാജി.

അറസ്റ്റ് ചെയ്ത ഡെറിക്കിനെ ഹണ്ടിംഗ്ടൺ ഫെഡറൽ ജഡ്ജിന് മുമ്പിൽ ഹാജരാക്കി. കുറ്റം തെളിയുകയാണെങ്കിൽ ഒന്നരവർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജനുവരി 9ന് പുറത്തിറക്കിയ പ്രസ്തവനയിൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് ഡെറിക് വെളിപ്പെടുത്തി. ഗവർണർ ജിം ജസ്റ്റിസ് ഡെറിക്കിന്റെ രാജി വിവരം സ്ഥിരീകരിച്ചു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നുള്ള ഡലിഗേറ്റുകളും മാർച്ചിൽ പങ്കെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണവും എഫ്ബിഐ ആരംഭിച്ചിട്ടുണ്ട്.