ഷാര്‍ക്ക് പൊതുവേ അപകടകാരികളാണ്. ഷാര്‍ക്കുകളെ കൈകൊണ്ടു പിടിക്കുന്നത് അതിലും അപകടകരം. എന്നാല്‍ മരണപ്പെട്ടേക്കാവുന്ന ഒരു ഷാര്‍ക്കിനെ രക്ഷിക്കാനുള്ള ബില്ലി ( Billy ) യുടെ ഉറച്ച തീരുമാനം സ്വന്തം അമ്മയുടെ വിലക്ക് വകവയ്ക്കാതെയാണവള്‍ നടപ്പാക്കിയത്.

ആസ്‌ത്രേലിയയിലെ തസ്‌മേനിയ കിങ്സ്റ്റണ്‍ ബീച്ചിലാണ് ഇത് നടന്നത്. ബീച്ചില്‍ അമ്മ എബി ഗില്‍ബര്‍ട്ടി നൊപ്പം സന്ദര്‍ശനത്തിനുവന്ന ‘ബില്ലി റീ’ എന്ന 11 കാരിയാണ് കടലിലെ വഴുവഴുപ്പുള്ള മണ്‍തിട്ടയിലെ പുറ്റില്‍ കുടുങ്ങിപ്പോയ ഷാര്‍ക്കിനെ കാണുന്നത്. രക്ഷപെടാന്‍ അത് നടത്തുന്ന ശ്രമങ്ങളും അവള്‍ ശ്രദ്ധിച്ചു.

ഷാര്‍ക്കിനെ രക്ഷിക്കാന്‍ മുന്നോട്ടാഞ്ഞ ബില്ലിയെ മാതാവ് വിലക്കി. ഷാര്‍ക്ക് അപകടകാരിയാണെന്നും മണ്‍തിട്ടയിലെ വഴുവഴുപ്പില്‍ മൂലം കാല്‍ തെറ്റി കടലില്‍ വീഴാന്‍ ഇടയുണ്ടെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.

ബില്ലി വഴങ്ങിയില്ല. അവള്‍ മണ്‍തിട്ടയിലിറങ്ങി ഷാര്‍ക്കിനെ കൈകളില്‍ കോരിയെടുത്തുകൊണ്ട് കടലിനടുത്തേക്ക് നീങ്ങി. ഷാര്‍ക്ക് അവളെ ഉരുപദ്രവിച്ചില്ലെന്നു മാത്രമല്ല വളരെ അനുസരണയോടെ അവളുടെ കൈകളില്‍ ഒതുങ്ങുകയും ചെയ്തു.

ഷാര്‍ക്ക് കടലില്‍ നീന്തിയകന്നശേഷമാണ് ബില്ലി, കാല്‍ വഴുതാതിരിക്കാനുള്ള അമ്മയുടെ മുന്നറിയിപ്പുകള്‍ പോലും ശ്രദ്ധിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് അവിടെ നിലകൊണ്ട മറ്റൊരു സന്ദര്‍ശകനായിരുന്നു. ചിത്രങ്ങള്‍ ആസ്‌ത്രേലിയന്‍ മാധ്യമങ്ങളില്‍ വൈറലായതോടുകൂടി ബില്ലി അവിടെ ടി.വി ചാനലുകളില്‍ വരെ ഇപ്പോള്‍ താരമായിരിക്കുകയാണ്.