ഐഎസ്എലിൽ ഇന്ന് കൊൽക്കത്ത ഡെർബി. തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്ന ഈസ്റ്റ് ബംഗാൾ മികച്ച ഫോമിലുള്ള എടികെ മോഹൻബഗാനെയാണ് നേരിടുക. ഇരു ടീമുകൾക്കും ഇത് അഭിമാന പോരാട്ടമായതിനാൽ മികച്ച മത്സരം തന്നെയാണ് കളിയാരാധകർ പ്രതീക്ഷിക്കുന്നത്. രാത്രി 7.30ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ വിജയിച്ചിരുന്നു.

ഐലീഗിൽ നിന്ന് ഐഎസ്എലിലേക്കെത്തുമ്പോൾ ടീം മികച്ച രീതിയിൽ ഒരുക്കി ഈസ്റ്റ് ബംഗാൾ തയ്യാറെടുത്തിട്ടുണ്ട്. മുൻ ലിവർപൂൾ താരം റോബി ഫൗളറെ പരിശീലകനായി നിയമിച്ചു. ചില മികച്ച വിദേശതാരങ്ങളും യുവതാരങ്ങളുമൊക്കെ ലൈനപ്പിൽ ഉണ്ട്. ഇന്ന് 4-2-3-1 എന്ന ഫോർമേഷനിലാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുക. ദേബ്ജിത് മജുംദാർ ആണ് ഗോൾവല കാക്കുക. സ്കോട്ട് നെവിൽ, റാണ ഗരാമി, ഡാനിയൽ ഫോക്സ്, നാരായൺ ദാസ് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും. മാറ്റി സ്റ്റെയ്‌ന്മാൻ, ലോകെൻ മെയ്തേയ്, സുർചന്ദ്ര സിംഗ്, അന്തോണി പിൽകിംഗ്ടൺ, ബൽവന്ത് സിംഗ്എന്നിവർ മധ്യനിരയിലാണ്. ജാക്കസ് മഗ്‌ഹോമ ആണ് ഏക സ്ട്രൈക്കർ.

3-5-2 എന്നതാണ് എടികെയുടെ ഫോർമേഷൻ. അരിന്ദം ഭട്ടാചാര്യയാണ് എടികെയുടെ ഗോൾവല കാക്കുക. പ്രിതം കോട്ടാൽ, ടിരി, സന്ദേശ് ജിങ്കൻ എന്നിവർ പ്രതിരോധത്തിലും പ്രബീർ ദാസ്, സുഭാഷിഷ് ബോസ്, കാൾ മക്‌ഹ്യൂ, ജാവിയർ ഹെർണാണ്ടസ്, ജയേഷ് റാണെ എന്നിവർ മധ്യനിരയിലും അണിനിരക്കും. റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ് എന്നിവർക്കാണ് ആക്രമണ ചുമതല. പരുക്കേറ്റ മൈക്കൽ സൂസൈരാജിനൊപ്പം എഡു ഗാർസിയയും പ്രണോയ് ഹാൾഡറും ആദ്യ ഇലവനിൽ ഇല്ല.