ഒഹായൊ ∙ ഒഹായോ സംസ്ഥാനത്ത് ഒക്ടോബർ മാസം നടത്തിയ ‘ഓട്ടം ഹോപ്’ ഓപ്പറേഷന്റെ ഭാഗമായി വിവിധ സമയങ്ങളിൽ കാണാതായ 45 കുട്ടികളേയും മനുഷ്യക്കടത്തിന്റെ ഇരകളായ 109 പേരേയും കണ്ടെത്തിയതായി ഒക്ടോബർ 26 തിങ്കളാഴ്ച ഒഹായൊ അറ്റോർണി ജനറൽ ഡേവിഡ് യോസ്റ്റ പത്രസമ്മേളനത്തിൽ അറിയിച്ചു.

50 ഏജൻസികൾ ഒരേ സമയം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മനുഷ്യക്കടത്തിനു നേതൃത്വം നൽകിയ 177 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂണിഫോം ഓഫിസർമാരോടൊത്തു അണ്ടർ കവർ ഓഫിസർമാരും റെയ്ഡിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷവും ഇതുപോലെ ഒരു ഓപ്പറേഷൻ നടത്തിയിരുന്നതായി ഡപ്യൂട്ടി ചീഫ് ജനിഫർ നൈറ്റ് പറഞ്ഞു. എത്ര ആളുകളെ അറസ്റ്റ് ചെയ്തു എന്നതിലുപരി സാത്താന്യശക്തികളിൽ നിന്നും എത്രപേരെ രക്ഷപ്പെടുത്താനായി എന്നതാണ് ഈ റെയ്ഡുകൊണ്ട് ലക്ഷ്യമിട്ടതെന്ന് ചീഫ് പറഞ്ഞു.

>കൂടുതൽ അറസ്റ്റുകൾ നടന്നത് റ്റൊലിഡൊ, ക്ലീവ്‍ലാന്റ്, കൊളംമ്പസ് പ്രദേശങ്ങളിൽ നിന്നാണ്. അപ്രത്യക്ഷരായ 76 കുട്ടികളുടെ കേസ്സുകൾ ഇതോടെ ക്ലോസ് ചെയ്തതായും കൊളംമ്പസ് പോലീസ് ചീഫ് പറഞ്ഞു.

ഞങ്ങൾ നിങ്ങളെ ശ്രദ്ധിക്കുന്നു, ഞങ്ങൾ നിങ്ങളെ കണ്ടെത്തും, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും എന്ന ശക്തമായ സന്ദേശമാണ് ‘ഓട്ടം ഹോപ്’ നൽകുന്നതെന്ന് ഫ്രാങ്ക്‌ലിൻ കൗണ്ടി ഷെറിഫ് ഡാലസ് ബാൾഡവിൻ പറഞ്ഞു.