സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിൽ നിൽക്കുമ്പോഴും ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വ്യാജ വാർത്തകൾ തടയുക എന്നത്. നിങ്ങളുടെ പഞ്ചായത്തിലെ ഒരു കാര്യം മുതൽ യുഎസ് തിരഞ്ഞെടുപ്പിനെ വരെ ഇത്തരം വാർത്തകൾ സ്വാധീനിക്കുന്നു. നമ്മളിൽ പലരും പലപ്പോഴും ഇത്തരം വാർത്തകൾ കാണുകയും ചിലതിൽ വീണുപോവുകയും ചെയ്യാറുണ്ട്. പലതും ഒറ്റനോട്ടത്തിൽ ശരിയാണെന്ന് കരുതുകയും ചെയ്യും. എങ്ങനെയാണ് വ്യാജ വാർത്തകൾ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്ന വലിയ പ്രക്രിയയെ സ്വാധീനിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. ഇത്തവണത്തെ യുഎസ് തിരഞ്ഞെടുപ്പിനെ ഇക്കാര്യം എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

‘തിരഞ്ഞെടുപ്പിൽ ട്രംപിന് പിന്തുണയുമായി ഫ്രാൻസിസ് മാർപ്പാപ്പ’

നാല് വർഷം മുൻപുള്ള അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരിച്ച വ്യാജ വാർത്തകളിൽ ഒന്നാണ് ഈ തലക്കെട്ട്. ജയപരാജയങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ വോട്ടർമാരെ സ്വാധീനിക്കാൻ മാർപ്പാപ്പയുടെ പിന്തുണ സ്ഥാനാർഥിയായ ട്രംപിനുണ്ട് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം. അപ്രതീക്ഷിതമായി ഡോണൾഡ് ട്രംപ് വിജയിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് ഇത്തരം വ്യാജ വാർത്തകളാണ് എന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നടന്ന അന്വേഷണങ്ങളിൽ ട്രംപിനെ സഹായിക്കാൻ വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് റഷ്യ ആണെന്നായിരുന്നു കണ്ടെത്തൽ.

ഇന്റർനെറ്റിന്റെ ഉത്ഭവ കാലത്തെ പ്രതീക്ഷ ലോക വിജ്ഞാനം വിരൽതുമ്പിൽ എത്തുന്നതോടെ അറിവിന്റെ ദല്ലാളന്മാർ ഇല്ലാതാകും എന്നതായിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളുടെ വരവോടെ സംഭവിച്ചത് മറ്റൊന്നാണ്. നമ്മുടെ മുൻവിധികളെ ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള വ്യാജവാർത്തകൾ നമ്മെ തേടിയെത്തുന്നു. ഉദാഹരണത്തിന് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന ആണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചതായി ഒരു വ്യാജവാർത്ത പത്ത് വർഷത്തോളമായി പല സമൂഹമാധ്യമങ്ങളിൽ കറങ്ങിത്തിരിയുന്നു. രാജ്യസ്നേഹം ഈ വ്യാജവാർത്ത സത്യമാണെന്ന് നമ്മെ തോന്നിപ്പിക്കുന്നു. എന്തുകൊണ്ട് മനുഷ്യർ വ്യാജ വാർത്തകൾ വിശ്വസിക്കാൻ പ്രേരിതരാകുന്നു എന്ന് മനസിലാക്കുന്നത് ഇത്തരം വാർത്തകളെ ഫലപ്രദമായി നേരിടുന്നതിനുള്ള പ്രധാന പടിയാണ്.

എന്തുകൊണ്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നു?

സാമ്പത്തിക ശാസ്ത്ര നോബൽ ജേതാവായ ഡാനിയേൽ കാനമാന്റെയും അമോസ് ട്വെർസ്‌കിയുടെയും ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ചിന്താ രീതികളെ രണ്ടായി തിരിക്കാം: നമ്മൾ അധികം ആലോചിക്കാതെ, വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നതിനെ “സിസ്റ്റം-1” ചിന്താ രീതിയെന്നും, ഗഹനമായി സമയമെടുത്തു ആലോചിക്കുന്നതിനെ “സിസ്റ്റം-2” ചിന്താ രീതിയെന്നും പറയുന്നു. ഒരു വ്യക്തിയുടെ വികാരങ്ങളും ധാർമിക ബോധങ്ങളും അവരുടെ സിസ്റ്റം-1 ചിന്താരീതിയെ സ്വാധീനിക്കുന്നു. എന്നാൽ യുക്തിപൂർവമുള്ള കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലുള്ള സിസ്റ്റം-2, കൂടുതൽ സാങ്കേതികവും ബുദ്ധിമുട്ടേറിയതുമാണ്.

ദൈനംദിന ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന ഓരോ വാർത്ത ശകലവും വിലയിരുത്തുക എന്നത് അസാധ്യമാണ്, പ്രത്യേകിച്ചും നമുക്ക് തീരെ വൈദഗ്ധ്യമില്ലാത്ത വിഷയങ്ങളിൽ. ഇത്തരം ഘട്ടങ്ങളിൽ തീരുമാനങ്ങളെടുക്കാൻ നാം ചില എളുപ്പവഴികളെ ആശ്രയിക്കുന്നു. ബിഹേവിയറൽ ഹ്യൂറിസ്റ്റിക്സ് എന്ന ഈ കുറുക്കുവഴികൾ സിസ്റ്റം-1 ചിന്താ രീതിയുടെ ഭാഗമാണ്. ഇതിൽ പ്രധാനപ്പെട്ടത് മനഃശാസ്ത്രജ്ഞർ ഹോമോഫിലി എന്ന് വിളിക്കുന്ന ഒരു തത്വമാണ്. നമ്മുടെ കാഴ്ചപ്പാടുകളോട് ചേർന്ന് നിൽക്കുന്ന വിവരങ്ങൾ അല്ലെങ്കിൽ വാർത്തകൾ വിശ്വസിക്കാനും നമ്മുടെ കാഴ്ചപ്പാടുകൾക്കു വിരുദ്ധമായവയെ അവിശ്വസിക്കാനുമുള്ള പ്രവണതയാണിത്.

p>സാമൂഹ്യ മാധ്യമങ്ങൾക്കു പുറമെയുള്ള നമ്മുടെ ജീവിതത്തിലും ഹോമോഫിലി പ്രത്യക്ഷമാണ്. ഇതോടൊപ്പം തന്നെ നമ്മുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾക്ക് നമ്മൾ കൂടുതൽ വില നൽകുന്നു. ഇതുമൂലം സാമൂഹ്യമാധ്യമങ്ങളിൽ നാം വിശ്വസിക്കുന്ന കാര്യങ്ങൾക്കനുകൂലമായ വിവരങ്ങൾ മാത്രം ലഭിക്കുന്ന എക്കോ ചേംബറുകളിൽ നമ്മൾ ഓരോരുത്തരും എത്തിപ്പെടുകയും, അഭിപ്രായങ്ങളെ ഊട്ടിയുറപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ മാത്രം നമുക്ക് മുന്നിൽ വരികയും ചെയ്യുന്നു. ഇത് രാഷ്ട്രീയ ധ്രുവീകരണങ്ങളിലേക്ക് നയിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ ധ്രുവീകരണങ്ങൾ തിരഞ്ഞെടുപ്പുകളിൽ വോട്ടുകളായി മാറുമെന്നാണ് വിലയിരുത്തൽ.

2016-ൽ സംഭവിച്ചത് ആവർത്തിക്കുമോ?

ഇതിന് സമാനമായ ഒരു പ്രക്രിയയാണ് ആണ് 2016ലെ തിരഞ്ഞെടുപ്പിൽ റഷ്യ ഉപയോഗിച്ചത്. അമേരിക്കയിലെ വിവാദ വിഷയങ്ങളിൽ ഇരുവിഭാഗത്തെയും മുൻധാരണകളെ ഊട്ടിയുറപ്പിക്കുന്ന, സത്യമെന്നു തോന്നുന്ന പ്രചരിപ്പിക്കുക. 90 ശതമാനത്തോളം വ്യാജവാർത്തകൾ ട്രംപിന് അനുകൂലമായോ ഹിലരിക്ക് എതിരായോ ആയിരുന്നു. ഹിലരി ഐഎസ് (ഇസ്‍ലാമിക് സ്റ്റേറ്റ്) ഭീകരകർക്ക് ആയുധങ്ങൾ വിറ്റു എന്നത് അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രധാന വ്യാജവാർത്ത ആയിരുന്നു.

വ്യാജവാർത്തകൾ ജനാധിപത്യത്തിനും ജനക്ഷേമത്തിനും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു എന്നതിൽ വിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. എന്നാൽ ഇതിനെ എങ്ങനെ നേരിടണമെന്നതിനു വ്യക്തത കുറവാണ്. പല പത്ര ദൃശ്യ മാധ്യമങ്ങളും ഫാക്ട് ചെക്കർ സേവനങ്ങൾ ലഭ്യമാക്കുന്നുവെങ്കിലും, ഓരോ ദിവസവും ലക്ഷക്കണക്കിന് വ്യാജ വാർത്തകളാണ് പുറത്തു വരുന്നത്. അവയെല്ലാം തന്നെ സത്യമാണോ എന്ന് തത്സമയം പരിശോധിക്കുന്നതു ഇപ്പോഴുള്ള സാങ്കേതികവിദ്യയിൽ തത്കാലം അപ്രായോഗികമാണ്.

എന്നിരുന്നാലും തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിലക്കെ കഴിയാവുന്നത്ര വ്യാജ വാർത്തകൾ തടയാൻ ശ്രമങ്ങൾ തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർഥി ആയ ജോ ബൈഡന്റെ മകനുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രചരിക്കുന്നത് ഫെയ്സ്ബുക്ക് , ട്വിറ്റർ തുടങ്ങിയ സാമൂഹ മാധ്യമങ്ങൾ ഈ അടുത്ത് തടഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച കൂടി. ഇത്തവണത്തെ “ഒക്ടോബർ സർപ്രൈസ്” ഒരു വ്യാജ വാർത്ത ആകുമോ? കാത്തിരുന്ന് കാണാം.

സത്യമോ വ്യാജമോ?

നമുക്ക് മുന്നിൽ വരുന്ന വാർത്തകളോട് വികാരപൂര്വം പ്രതികരിക്കുന്നതിനു പകരം ഒരു നിമിഷം യുക്തിപൂർവം ചിന്തിക്കുന്നത് നമ്മെ സിസ്റ്റം-1 ഇൽ നിന്നും സിസ്റ്റം-2 ഇലേക്ക് മാറാൻ സഹായിക്കും. ഇന്ത്യയുമായി ബന്ധപ്പെട്ട രണ്ട് തലക്കെട്ടുകളാണ് താഴെ. ഇതിൽ ഏതാണ് വ്യാജ വാർത്ത എന്ന് പറയാമോ?

1. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകൾക്ക് ചിലവാക്കിയ തുക 517 കോടി രൂപയാണ്

2. പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് ഇന്ത്യാ ടുഡെ

ഈ വാർത്തകളോട് നിങ്ങളുടെ സമീപനം നിങ്ങൾക്കുള്ളിലെ മുൻവിധികളെ പ്രതിനിധീകരിക്കുന്നു. സത്യമോ വ്യാജമോ എന്ന് താഴെ കൊടുത്തിരിക്കുന്നു.

1. 2015 മുതൽ ഇതുവരെ 517 കോടി ചിലവ് – സത്യം.

2. പിണറായി മികച്ച മുഖ്യമന്ത്രി – വ്യാജം.

(മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ജർമനിയിൽ ബിഹേവിയറൽ ഇക്കണോമിക്സ് വിഷയത്തിൽ അവസാന വർഷ ഗവേഷണ വിദ്യാർഥിനിയാണ് ലേഖിക റെയ്സ ഷെരീഫ്. സാമ്പത്തിക വിദഗ്‌ദ്ധനും സിവിക് ഡാറ്റാ ലാബിൽ പോളിസി റിസർച്ചറുമാണ് ലേഖകൻ അരുൺ സുദർശൻ)