ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ 10 ബി.എസ്‌.പി. എം.എല്‍.മാരില്‍ ആറു പേരും പാര്‍ട്ടി വിടുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്‌ഥാനാര്‍ഥിയുടെ പേരു നിര്‍ദേശിച്ച നാലുപേരും ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി നേതാക്കളില്‍നിന്നു തുടര്‍ച്ചയായി അവഗണനയാണു നേരിടുന്നതെന്നു വിമത എം.എല്‍.എമാര്‍ പറഞ്ഞു. അതേ സമയം, ആരും പാര്‍ട്ടി നേതാവ്‌ മായാവതിയെ വിമര്‍ശിച്ചില്ല. സ്‌ഥാനാര്‍ഥിക്കുള്ള പിന്തുണയും ഇവര്‍ പിന്‍വലിച്ചു.

അസ്ലം റെയ്‌നി, അസ്ലം ചൗധരി, മുജ്‌താബ സിദ്ദിഖി, ഹക്കിം ലാല്‍ ബിന്ദ്‌, ഹര്‍ഗോവിന്ദ്‌ ഭാര്‍ഗവ, സുഷമ പട്ടേല്‍ എന്നീ എം.എല്‍.എമാരാണു കലാപക്കൊടി ഉയര്‍ത്തിയത്‌. മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ രാംജി ഗൗതമിന്റെ നാമനിര്‍ദേശ പത്രികയിലെ തങ്ങളുടെ ഒപ്പ്‌ വ്യാജമാണെന്നു നാല്‌ എം.എല്‍.എമാരും റിട്ടേണിങ്‌ ഓഫീസറെ അറിയിച്ചു. ഇത്‌ അംഗീകരിച്ചാല്‍ സ്‌ഥാനാര്‍ഥിയെ അയോഗ്യനാക്കും.

നവംബര്‍ ഒമ്പതിനാണു യു.പിയില്‍ പത്തു രാജ്യസഭാ സീറ്റിലേക്കു തെരഞ്ഞെടുപ്പ്‌. ബി.എസ്‌.പി. ഒറ്റ സീറ്റില്‍ മാത്രമാണു മത്സരിക്കുന്നത്‌. സ്വന്തം വോട്ടുകൊണ്ടു ജയിക്കാനുള്ള അംഗസംഖ്യ ഇല്ലെങ്കിലും സംസ്‌ഥാനത്തെ ബി.ജെ.പി. ഇതരപാര്‍ട്ടികളുടെ പിന്തുണയാണു ബി.എസ്‌.പി. പ്രതീക്ഷിക്കുന്നത്‌.