ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആദ്യമായി 5000 കടന്നു. 5673 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. ഡല്‍ഹി ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പോസിറ്റീവിറ്റി റേറ്റ് 9.37 ശതമാനമായി ഉയര്‍ന്നു. ഇതുവരെ സ്ഥിരീകരിച്ച ആകെ കേസുകള്‍ 3.7 ലക്ഷം കടന്നു. മരണം 6396 ആയി. 60,571 സാമ്പിളുകളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ പരിശോധിച്ചത്. ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ ഡല്‍ഹി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

3,70,014 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സ്‌കൂളുകള്‍ തുറക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ശൈത്യകാലത്ത് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകളുണ്ടായിരുന്നു. 15,000 പ്രതിദിന കേസുകള് വരെയുണ്ടായേക്കാമെന്നാണ് നേരത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇക്കാലത്ത് ഉയര്‍ന്ന അന്തരീക്ഷ മലീനികരണവും ഉത്സവസീസണും വലിയ പ്രതിസന്ധിയാണ് ഡല്‍ഹിയിലുണ്ടാക്കുന്നത്. അന്തരീക്ഷ മലിനീകരണ തോത് കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായിരുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് മോശം നിലയിലേയ്ക്ക് താഴ്ന്നു.

അതേസമയം നിലവിലെ ഉയര്‍ന്ന രോഗമുക്തി നിരക്ക് ഡല്‍ഹിയ്ക്ക് ആശ്വാസമാണ്. ദേശീയ തലത്തിലെ പോലെ ഡല്‍ഹിയിലും 90 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,34,240 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനില്‍ പറയുന്നത് പ്രകാരം കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ 15,765 ബെഡ്ഡുകളില്‍, 10,100 ഒഴിഞ്ഞുകിടക്കുന്നു. കോവിഡ് സെന്ററുകളിലെ 497 ബെഡ്ഡുകളിലുള്ളത് ക്വാറന്റൈനിലുള്ളവരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 17,284 ആര്‍ ടി പിസിആര്‍, ട്രൂനാറ്റ്, സിബി നാറ്റ് ടെസ്റ്റുകള്‍ ഒരു ദിവസത്തിനിടെ നടത്തി.