മലപ്പുറം: യുവാവിനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച്‌ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ അനീഷ് പീറ്ററിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വീട്ടമ്മയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് അനീഷ് യുവാവിനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിച്ച്‌ മര്‍ദ്ദിച്ചത്.

പൊന്നാനി സ്വദേശിയായ യുവാവ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നായിരുന്നു വീട്ടമ്മ തിരൂര്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്. എന്നാല്‍ അനീഷ് പരാതി പൊന്നാനി പോലീസിനെ അറിയിക്കാതെ യുവാവിന്റെ വീട്ടില്‍ നേരിട്ടെത്തി ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ യുവാവ് ഇപ്പോള്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

പെരുമ്പടപ്പ് ഇന്‍സ്‌പെക്ടറാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഇദ്ദേഹം സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.