പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വേണം.

. മൂന്ന് മാസത്തിന് ശേഷം തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന്‍റെ കാരണം വ്യക്തമാക്കണമെന്നും ജലജ മാധവന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ അനുഭാവിയും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ അംഗവുമാണ് ജലജ മാധവന്‍.

കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെയും ജലജ മാധവന്‍ തന്‍റെ ആവശ്യം ഉന്നയിച്ചിരുന്നു. വെറും മൂന്ന് മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രതിക്കായി ഹാജരായ സി.ഡബ്ള്യു.സി ചെയര്‍മാനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.