ബ്രസ്സല്‍സ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ബെല്‍ജിയത്തില്‍ രേഗ ബാധിതരായ ഡോക്ടര്‍മാരോടും നഴ്സുമാരോടും ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം. നിലവില്‍ നിരവധിയാളുകള്‍ രോഗബാധിതരാവുകയും ക്വാറന്‍റൈനില്‍ കഴിയുകയും ചെയ്യുന്ന രാജ്യത്ത് സേവനത്തിന് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സാഹചര്യത്തിലാണ് ആവശ്യം.

ചില ആശുപത്രികളില്‍ കോവിഡ് പോസിറ്റീവായ എന്നാല്‍ രോഗ ലക്ഷണമില്ലാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരോടാണ് ജോലിക്ക് കയറാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബെല്‍ജിയത്തിലെ ലിയേഗം നഗരത്തില്‍ മാത്രമുള്ള പത്തിലേറെ ആശുപത്രികളില്‍ ഈ നിര്‍ദേശം നിലവിലുണ്ടെന്നാണ് സൂചന. ബെല്‍ജിയത്തിലെ ഏതാണ്ട് എല്ലാ ആശുപത്രിയിലും സമാന സാഹചര്യമാണെന്നും റിപോര്‍ട്ടുകളുണ്ട്. രാജ്യം ശൈത്യത്തിലേക്ക് നീങ്ങുന്നതിനിടെ രോഗം നിയന്ത്രണം വിട്ട് പടരുന്നത് ആശങ്ക സൃക്ഷ്ടിക്കുന്നുണ്ട്.

അതിനിടെ അധികൃതരുടെ ഈ നിര്‍ദേശങ്ങളോട് തങ്ങള്‍ക്ക് എതിര്‍ത്ത് ഒന്നും പറയാനാകില്ലെന്നും കൊവിഡ് ബാധിതരായ ഡോക്ടര്‍മാര്‍ കൂടി ചെന്നില്ലെങ്കില്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും ബെല്‍ജിയന്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ യൂണിയന്‍സ് തലവന്‍ ബി ബി സിയോട് പ്രതികരിച്ചു.

അതേസമയം രോഗവ്യാപനം രൂക്ഷമായതിനാല്‍ സ്കൂളുകളില്‍ അധ്യാപകരോ, സേവനത്തിന് പൊലീസുകാരോ ഇല്ലാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ബെല്‍ജിയത്തില്‍ ഇന്നലെ മാത്രം15,600 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്.