കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തല്‍. നയതന്ത്ര കടത്തിലെ പത്താം പ്രതി റബിന്‍സിന് പിന്നാലെ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായി വിദേശത്തുള്ള മറ്റ് പ്രതികളെയും ഉടന്‍ യുഎഇ ഭരണകൂടം ഇന്ത്യക്ക് കൈമാറും. ഇവരില്‍ ഫൈസല്‍ ഫരീദാണ് പ്രധാനി. ഇയാള്‍ യുഎഇ ജയിലിലാണ്. അന്വേഷണവുമായി സഹകരിക്കാന്‍ യുഎഇ സമ്മതിച്ചതോടെയാണ് ഇത്.

കേസില്‍ ഫൈസല്‍ ഫരീദും റബിന്‍സും ഉള്‍പ്പെടെ ആറ് പ്രതികള്‍ യുഎഇയിലാണെന്നാണ് എന്‍ഐഎ ഏറ്റവുമൊടുവിലും കോടതിയെ അറിയിച്ചിരുന്നത്. മറ്റുപ്രതികളെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ആറ് പ്രതികള്‍ക്കുമെതിരെ ഇന്ത്യയില്‍ ജാമ്യമില്ലാ വാറന്റും ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. റിബന്‍സിനെ വിട്ടു തന്നത് തന്നെ കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. ദാവൂദ് അല്‍ അറബിയെന്ന ആളാണ് സ്വര്‍ണ്ണ കടത്തിലെ സൂത്രധാരനെന്ന് റമീസ് മൊഴി നല്‍കിയിട്ടുണ്ട്. ഇതാരെന്ന് കണ്ടെത്താന്‍ റിബന്‍സിന്റെ കസ്റ്റഡി സഹായകമാകും.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തു സംഘത്തിന് സ്വദേശത്തും വിദേശത്തുമിരുന്ന് കള്ളക്കടത്തിന് ഫണ്ടിങ് നടത്തിയിരുന്നവര്‍ക്കിടയിലെ സുപ്രധാന കണ്ണി റബിന്‍സായിരുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന്റെ മൊഴി. ‘ദാവൂദ് അല്‍ അറബി’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മലയാളി 12 തവണയോളം സ്വര്‍ണം കടത്താന്‍ സഹായിച്ചു. യു.എ.ഇ പൗരത്വമുള്ള ‘ദാവൂദ്’ ആണ് നയതന്ത്ര ബാഗേജ് വഴി കടത്തിയതിന്റെ സൂത്രധാരനെന്നും റമീസ് കസ്റ്റംസിനു ഓഗസ്റ്റ് 27 ന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ദാവൂദ് അല്‍ അറബി കേരളത്തിലുണ്ടെന്ന സൂചനയും അന്വേഷണ ഏജന്‍സിക്കുണ്ട്.