ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കാതിരുന്നതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ഹര്‍ഭജന്‍ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപെടാന്‍ സൂര്യകുമാര്‍ യാദവ് ഇതില്‍ കൂടുതല്‍ എന്ത് ചെയ്യണമെന്ന് ഹര്‍ഭജന്‍ സിംഗ് ചോദിച്ചു.

ആഭ്യന്തര സീസണിലും എല്ലാ ഐ.പി.എല്ലിലും താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. വ്യത്യസ്‌ത ആളുകള്‍ക്ക് വ്യത്യസ്‌ത നിയമമാണോ എന്നും സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡുകള്‍ ബി.സി.സി.ഐ സെലെക്ടര്‍മാര്‍ പരിശോധിക്കണമെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ 11 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവ് 2 അര്‍ദ്ധ സെഞ്ച്വറികള്‍ അടക്കം 283 റണ്‍സ് നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ മൊത്തം 96 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവ് 1831 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.