ന്യുയോര്‍ക്ക്: രണ്ടു പതിറ്റാണ്ടായുള്ള വിശ്വാസിസമൂഹത്തിന്‍റെ പ്രാര്‍ഥനയും പ്രയത്‌നവും സ്വപ്നവും സഫലമാക്കി റോക്ക് ലാന്‍ഡ് ഹോളിഫാമിലി ചര്‍ച്ചിന് സ്വന്തം ദേവാലയം.

ഓഗസ്റ്റ് 25ന് പള്ളിയില്‍ നടന്ന ചടങ്ങില്‍ ഫാ. റാഫേല്‍ അമ്ബാടന്‍ സ്വാഗത പ്രസംഗത്തില്‍ ദേവാലയം വാങ്ങുന്നതിനായി സഹകരിക്കുകയും സഹായിയിക്കുകയും ചെയ്തവരെ അനുസ്മരിയ്ക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ട്രസ്റ്റി ജോസഫ് കടംതോട്ട് ക്ലോസിംഗ് ചടങ്ങിനായി ഏവരെയും ക്ഷണിച്ചു.

കോവിഡ് മൂലം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്ളതിനാല്‍ ഇടവകാംഗങ്ങളിലെ കുറച്ച്‌ പേര് മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇടവകയ്ക്കുവേണ്ടി വികാരി ഫാ. റാഫേല്‍ അമ്ബാടന്‍ രേഖകളില്‍ ഒപ്പുവച്ചു. അറ്റോര്‍ണി ജൂലിയന്‍ ഷുള്‍ട്സ് നിയമാനുസൃതമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

പുതിയ ദേവാലയം വാങ്ങുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ന്യു യോര്‍ക്ക് ആര്‍ച്ച്‌ ഡയോസിസിലേക്ക് സ്ഥലം മാറിപ്പോയ മുന്‍ വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്തിന്‍റെ സാന്നിധ്യം അനുഗ്രഹമായി. പള്ളിയും അതോടൊപ്പമുള്ള പതിനേഴര ഏക്കര്‍ സ്ഥലവും വാങ്ങുന്നതിനു തുടക്കം കുറിച്ചതും അതിനായി ഫണ്ട് സമാഹരണം ശക്തിപ്പെടുത്തിയതും തദ്ദേവൂസ് അച്ചനായിരുന്നു. ഒരു വര്‍ഷം മുന്‍പ് വികാരിയായി ചാര്‍ജെടുത്ത ഫാ. റാഫേല്‍ മറ്റു നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു.

ന്യു യോര്‍ക്ക് ആര്‍ച്ച്‌ ഡയോസിസിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന സെന്‍റ് ബോണിഫേസ് ദേവാലയമാണ് സെന്‍റ് മേരീസ് സീറോ മലബാര്‍ മിഷനായും പിന്നീട് ഹോളി ഫാമിലി ചര്‍ച്ച്‌ ആയും രൂപാന്തരം പ്രാപിച്ചത്. മൂന്ന് മില്യണ്‍ ഡോളര്‍ വില വരുന്ന ദേവാലയം ഒരു മില്യണ്‍ നല്‍കി. ബാക്കിവരുന്ന തുക 30 വര്‍ഷം കൊണ്ട് ആര്‍ച്ച്‌ ഡയോസിസിനു അടച്ചുതീര്‍ക്കാനാണ് കരാര്‍.

ഫാ. തദേവൂസ് തന്‍റെ പ്രസംഗത്തില്‍ ഒരു നീണ്ട യാത്രയുടെ പരിസമാപ്തിയും മറ്റൊരുയാത്രയുടെ തുടക്കവുമാണിതെന്നു പറഞ്ഞു. ദേവാലയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം നമുക്കായി. ഇനി ഈ സമൂഹത്തെ വളര്‍ത്തി വലുതാക്കേണ്ട ചുമതലയാണ് നമുക്കുള്ളതാണ്. സമീപ സ്ഥലങ്ങളിലെ എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും ആരാധനാ കേന്ദ്രമായി ഈ ദേവാലയം വളരട്ടെ എന്നാശംസിച്ചു.

തുടര്‍ന്നു സ്വന്തം ദേവാലയത്തില്‍ നടന്ന ആദ്യ വിശുദ്ധ കുര്‍ബാനയില്‍ ഫാ. റാഫേല്‍ അമ്ബാടനും ഫാ. തദേവൂസ് അരവിന്ദത്തും കാര്‍മികരായി.

റോക്ക് ലാന്‍ഡ് സെന്‍റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ആയി പ്രവര്‍ത്തിച്ച ദേവാലയം ഹോളി ഫാമിലി എന്ന പേര് സ്വീകരിച്ചത് പള്ളി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടപ്പോഴാണ്. റോക്ക് ലാന്‍ഡില്‍ പല സെന്‍റ് മേരീസ് ചര്‍ച്ചുകള്‍ ഉള്ള പശ്ചാത്തലത്തിലായിരുന്നു ഈ മാറ്റം.

1987-ല്‍ ഫാ. ജോര്‍ജ് കളപ്പുര സേവനമനുഷ്ഠിച്ചിരുന്ന ഹാവര്‍സ്‌റ്റോയിലെ പള്ളിയില്‍ തങ്ങള്‍ ഏതാനും പേര് ഒത്തുകൂടിയിരുന്നത് ജോണ് ദേവസ്യ ഓര്‍മിച്ചു.

ബില്‍ഡിംഗ് ഫണ്ട് ചെയര്‍മാന്‍ ജെയിന്‍ ജേക്കബ്, ട്രസ്റ്റിമാരായ ജോസഫ് കടംതോട്ട്, ആനി ചാക്കോ, നിര്‍മല ജോസഫ്, ജിജോ ആന്‍റണി എന്നിവരും, മുന്‍കാല ട്രസ്റ്റിമാരായ വര്‍ക്കി പള്ളിത്താഴത് , ജോസ് അക്കകാട്ട് , ചാക്കോ കിഴക്കെകാട്ടില്‍, സജി മാത്യു , ജോസഫ് എബ്രഹാം, ജയിന്‍ ജേക്കബ്, ജോര്‍ജ് എടാട്ടേല്‍, ജോണ്‍ ദേവസ്യ, ജോര്‍ജ് പടവില്‍, തോമസ് ചാക്കോ, ജേക്കബ് ചൂരവടി, ജെയിംസ് കാനാച്ചേരി, മത്തായി ഫ്രാന്‍സിസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം