വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.74 കോടിയായി ഉയര്‍ന്നു. 17449000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡ് മരണവും പ്രതിദിനം ഉയര്‍ന്നുവരികയാണ്. 6.75 ലക്ഷം പേരാണ് ഇതുവരേയും മരണപ്പെട്ടിട്ടുള്ളത്. ഒരു കോടി ഒന്‍പത് ലക്ഷത്തിലധികം പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അമേരിക്കയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 64000 ത്തില്‍ അധികം പേര്‍ക്കും ബ്രസീലില്‍ 58000 ല്‍ അധികം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ഇതുവരേയും 4487072 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രസീലില്‍ 2610102 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യയിലും രോഗികളുടെ എണ്ണം ആശങ്കയാം വിധം വര്‍ധിക്കുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങളിലെ കഴിഞ്ഞ 24 മണിക്കുറിലെ കണക്കുകള്‍ പുറത്ത് വന്നതോടെയാണ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നത്. മരണനിരക്ക് 35000 ത്തിന് മുകളിലും എത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ എട്ട് മണിക്കാണ് പുതിയ കണക്കുകള്‍ പുറത്തുവിടുന്നത് എന്നതിനാല്‍ അവരുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും രോഗികളുടെ എണ്ണം 15,83,792 ആണ്. മരണ നിരക്ക് 34968 ഉം ആണ്. അതേസമയം സുഖം പ്രാപിച്ചവരുടെ എണ്ണം പത്തംലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 52,123 പുതിയ കൊവിഡ് കേസുകളാണ് റിപ്പോട്ട് ചെയ്തത്. ഇതേ കാലയളവില്‍ 775 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരഷ്ട്രയില്‍ ഇന്ന് മാത്രം 11147 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ദില്ലിയില്‍ 1093 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് 5864 ആളുകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും ഇവിടെ മരണനിരക്ക് കുറവാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.