തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ സന്നദ്ധപ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാകും കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുക. ഇതില്‍ കരാര്‍ ജീവനക്കാരുമുണ്ടാകും. ഇവര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിരക്ഷയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കേന്ദ്രീകരിച്ചാകും കൊവിഡ് ബ്രിഗേഡിന്റെ പ്രവര്‍ത്തനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും. കൊവിഡ് ബ്രിഗേഡ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ നല്ലമനസുള്ള പ്രവര്‍ത്തന സജ്ജരായ മുഴുവന്‍ ആളുകളും സന്നദ്ധരായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ താമസ സൗകര്യം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഇവര്‍ക്കെല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കും. ഇവര്‍ക്കാവശ്യമായ ഇന്‍സന്റീവും നല്‍കും. നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ വരുമാനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. താത്കാലികമായി എടുക്കുന്ന ജീവനക്കാര്‍ക്കും ഇന്നത്തെ കാലത്തിനനുസൃതമായുള്ള വരുമാനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.