തിരുവനന്തപുരം: രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ സ്വമേധയാ മുന്നോട്ട് വന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

91 പേര്‍ക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്ബിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തി.

ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫലം ഇനിയും വരാനുണ്ടെന്നും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറുകണക്കിന് പേരാണ് ഈ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നുപോകുന്നതെന്നും ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുക എന്നതുതന്നെ ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.