തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പില്‍ യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ നേതൃത്വത്തിലുള്ള സംഘം വോളന്റിയര്‍മാരാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് ചിന്ത ജെറോമിനേയും സംഘത്തേയും വോളന്‍റിയറായി നിയോഗിച്ചിരിക്കുന്നത്.

യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേന പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില പരിക്ഷാ നടത്തിപ്പിന്റെ ഭാഗമാകും. യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും യുവജന കമ്മീഷന്‍ അംഗങ്ങള്‍ സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വോളണ്ടിയറാകും.

4068 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പില്‍ പങ്കാളികളാകുന്നത്. വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഇവരെ വിന്യസിക്കും. ഇവിടുത്തെ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസേഷന്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ക്ക് ഇവരാകും നേതൃത്വം നല്‍കുക.

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവര്‍ത്തന സമയം. പരീക്ഷാ കേന്ദ്രങ്ങളുള്ള കണ്ടെയ്ന്‍മെന്റ് സോണുകളിലുള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.