കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി. കോവിഡ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുളള പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന് പറഞ്ഞ ഹൈക്കോടതി കേന്ദ്ര മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഉത്തരവിട്ടു.

10 പേര്‍ ചേര്‍ന്ന് പ്രതിഷേധിക്കാമെന്ന മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാനദണ്ഡം ലംഘിച്ചാല്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

കോവിഡ് മഹാമാരിയുടെ കാലത്ത് നടത്തുന്ന സമരങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും തടയാന്‍ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കോവിഡ് മാനദണ്ഡം ലംഘിച്ച്‌ സമരവും പ്രതിഷേധവും പാടില്ലെന്ന് കഴിഞ്ഞ ദിവസവും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്ന് വീണ്ടും ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ രാഷട്രീയ പാര്‍ട്ടികളെ എതിര്‍കക്ഷികളാക്കി ഹൈക്കോടതി അഭിഭാഷകനായ ജോണ്‍ നമ്ബേലി ജൂനിയറാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. സമരങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.