• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: കോവിഡ് തരംഗത്തില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അനുയായികളും. എന്നാല്‍, വോട്ടര്‍മാര്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. അവര്‍ക്ക് കോവിഡിനു മുന്‍പുള്ള പഴയ ജീവിതമാണ് ലക്ഷ്യം. പക്ഷേ, അപ്പോഴും ഭൂരിഭാഗം സംസ്ഥാനങ്ങളും മറ്റൊരു ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുന്നു. ദേശീയ പ്രാദേശിക നേതാക്കള്‍ ട്രംപ് ആവശ്യപ്പെട്ട രാജ്യം തുറക്കലിനെ കടുത്ത ഭാഷയിലാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ രാജ്യം വീണ്ടും ലോക്ക്ഡൗണ്‍ ചെയ്യേണ്ട അവസ്ഥയുണ്ടാകുമെന്നതാണ് സ്ഥിതി. രാജ്യം വൈറസിനെ പ്രതിരോധിച്ച സ്ഥിതിയില്‍ നിന്നും സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കാന്‍ നിര്‍ബന്ധിച്ചത് ട്രംപ് ആയിരുന്നു. ഇത് അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടാക്കി മാറ്റി. ഇപ്പോള്‍ പകര്‍ച്ചവ്യാധി പിടിപ്പെട്ടിരിക്കുന്നവരുടെ എണ്ണം 35 ലക്ഷത്തിലെത്തി. മരിച്ചവരാകട്ടെ, 138,463 കവിഞ്ഞു.

ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകള്‍ നിറയുകയും തെക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വൈറസ് അതിന്റെ നിരന്തരമായ വ്യാപനം വേഗത്തിലാക്കുകയും ചെയ്തതോടെ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ അരക്ഷിതാവസ്ഥയിലായതു പോലെയാണ്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ സംസ്ഥാനങ്ങള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പകര്‍ച്ചവ്യാധിയെയാണ് നേരിടുന്നത്. ടെക്‌സസ് അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ പോലും പാളിയ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കൗണ്ടികളില്‍ ആരോഗ്യപരിരക്ഷ ഏറ്റവും മോശമായ നിലയിലാണ്. ഇവിടെ പലേടത്തും ടെസ്റ്റിങ് സെന്ററുകള്‍ പോലുമില്ല.

പുതിയ വൈറസ് കേസുകള്‍ രാജ്യവ്യാപകമായി ഇന്നലെയും 60,000 ല്‍ എത്തുമ്പോള്‍, ട്രംപിന്റെ ആക്രമണാത്മക സമീപനത്തെ പിന്തുണച്ചവര്‍ പോലും കണ്ണടയ്ക്കുകയാണ്. നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയത്തിനപ്പുറത്ത് ആരോഗ്യ ശാസ്ത്രീയ മുന്‍ഗണന നല്‍കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാതായിരിക്കുന്നു. ടെക്‌സസില്‍, ഹ്യൂസ്റ്റണിലെ ഡെമോക്രാറ്റിക് മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ രണ്ടാഴ്ചത്തെ അടച്ചുപൂട്ടല്‍ നിര്‍ദ്ദേശിച്ചു, റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് യാഥാസ്ഥിതികതയെ വ്രണപ്പെടുത്തുന്ന മാസ്‌ക് നിര്‍ബന്ധമാക്കി. ഈ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം കൂടുതല്‍ കര്‍ശന നടപടികള്‍ക്കുള്ള സാധ്യതയും അദ്ദേഹം വെളിപ്പെടുത്തുന്നു. വെസ്റ്റ് വിര്‍ജീനിയയും തുറിച്ചു നോക്കുന്നത് സമാനമായ സ്ഥിതിവിശേഷമാണ്.

കാലിഫോര്‍ണിയയില്‍, എല്ലാ ഇന്‍ഡോര്‍ റെസ്‌റ്റോറന്റുകള്‍, വൈനറികള്‍, സിനിമാ തിയേറ്ററുകള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍ എന്നിവ അടച്ചുപൂട്ടാനും എല്ലാ ബാറുകളും അടയ്ക്കാനും ഡെമോക്രാറ്റിക് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഉത്തരവിട്ടു. തങ്ങളുടെ കുട്ടികള്‍ പുതിയ അധ്യയന വര്‍ഷം ഓണ്‍ലൈനില്‍ മാത്രം പഠിക്കുമെന്ന് ലോസ് ഏഞ്ചല്‍സിലേയും സാന്‍ ഡീഗോയിലെയും വിദ്യാഭ്യാസ വിദഗ്ധര്‍ പറഞ്ഞു. കോവിഡ് 19 കേസുകളുടെ വര്‍ദ്ധനവ് കാരണം ഒറിഗണ്‍ പത്തിലധികം പേരുടെ ഒത്തുചേരല്‍ നിരോധിച്ചു. ഫ്‌ലോറിഡ, ടെക്‌സസ്, ഒക്ലഹോമ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ഫ്രാഞ്ചൈസികളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് നിര്‍ത്താന്‍ കെഎഫ്‌സിയും ഉദ്‌ബോധിപ്പിക്കുന്നു.

ഫ്‌ലോറിഡയില്‍ ഇപ്പോള്‍ രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ കോവിഡ് 19 കേസുകളേക്കാളും കൂടുതലാണ്. ട്രംപിന്റെ ആഹ്വാനത്തെ ധിക്കരിച്ചുകൊണ്ട് വീണ്ടും അടച്ചുപൂട്ടാന്‍ തുടങ്ങുകയാണ് ഇവിടം. ഹ്യൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ് എന്നിവപോലുള്ള വലിയ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയിലെ പുനരുജ്ജീവനത്തെ പിന്നോട്ടടിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സാമൂഹിക വ്യാപനം തടയാന്‍ മറ്റു വഴികള്‍ സംസ്ഥാനത്തിനു മുന്നിലില്ലെന്നതാണ് സ്ഥിതി.

എന്നാല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വളരെ അത്ഭുതകരമായ പ്രതിഭാസം ഉണ്ടായിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാസങ്ങളായി തുടര്‍ന്ന കോവിഡ് 19 മരണങ്ങള്‍ ഒഴിഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഡെമോക്രാറ്റിക് മേയര്‍ ബില്‍ ഡി ബ്ലാസിയോ ശ്രദ്ധേയമായ നീക്കത്തിന്റെ വിജയമെന്നാണ് ഇതിനെ വിളിച്ചത്. മാസാച്യൂസെറ്റ്‌സിലും സ്ഥിതി ഈ രീതിയിലാണ്. കഴിഞ്ഞ ഏഴ് ദിവസത്തെ പോസിറ്റീവ് ടെസ്റ്റുകളുടെ ശരാശരി 1.7 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ പകുതി മുതലുള്ള കണക്കെടുത്താല്‍ ഇത് 94 ശതമാനമായാണ് കുറഞ്ഞത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കാള്‍ പാലിച്ചതാണ് ഇവര്‍ക്കു തുണയായത്. എന്നാല്‍ ഇതിനെ നിസാരമായി കണ്ട സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍, ന്യൂയോര്‍ക്കും മസാച്യുസെറ്റ്‌സും ഇപ്പോള്‍ പോലും, സാധാരണ ജീവിതത്തിലേക്ക് വൈറസ് തിരിച്ചെത്തുകയില്ലെന്ന് ഉറപ്പില്ല.

ഇതൊന്നും ട്രംപ് ഗൗനിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. അദ്ദേഹം ഇപ്പോഴും നവംബറിലെ തെരഞ്ഞെടുപ്പിന്റെ പിന്നാലെയാണ്. പ്രത്യേകിച്ചും എല്ലാ കുട്ടികളും സ്‌കൂളിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹം നിര്‍ബന്ധിക്കുന്നു. എന്നാല്‍ എങ്ങനെ ഇവരെ വൈറസില്‍ നിന്നും സുരക്ഷിതമാക്കാം എന്നതിനെക്കുറിച്ച് ഒരു പദ്ധതിയും അദ്ദേഹത്തിനില്ല. പാന്‍ഡെമിക്കിന്റെ ഏറ്റവും രൂക്ഷമായ സാമൂഹിക സങ്കീര്‍ണതയെ പോലും അദ്ദേഹം എതിരാളികളെ ആക്രമിക്കുന്നതിനുള്ള തുറുപ്പുചീട്ടാക്കിയാണ് അദ്ദേഹം മാറ്റുന്നത്. തന്റെ രാഷ്ട്രീയ ശത്രുക്കള്‍ കുട്ടികളെ വേദനിപ്പിക്കാന്‍ വീട്ടില്‍ കുടുക്കി നിര്‍ത്തുകയാണെന്നാണ് ട്രംപ് ആരോപണിച്ചത്.

അനന്തമായ വൈറസ് പേടിസ്വപ്‌നത്തില്‍ കുടുങ്ങിക്കിടക്കുന്ന മിക്ക അമേരിക്കക്കാരും ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാണെന്ന് വ്യക്തമല്ല. പ്രത്യേകിച്ചും ഇപ്പോഴും മൂന്ന് മാസത്തില്‍ കൂടുതല്‍ ഇതിനായുള്ളപ്പോള്‍. കുട്ടികള്‍ക്ക് വീണ്ടും പഠിക്കാന്‍ കഴിയുമോ എന്ന് മാതാപിതാക്കള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. തൊഴിലില്ലാത്തവര്‍ അവരുടെ ജോലി തിരികെ ലഭിക്കാന്‍ ആഗ്രഹിക്കുന്നു. വൈറസിന് മുമ്പുള്ള ജീവിതം തിരികെ ലഭിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നു. സ്വന്തം രാഷ്ട്രീയ സാധ്യതകളോടുള്ള ട്രംപിന്റെ അഭിനിവേശം അദ്ദേഹത്തിന്റെ ഭരണത്തിന്റെ പ്രേരകശക്തിയാണ്, ഇത് ആവര്‍ത്തിച്ചുള്ള വിഷയമാണ്. അദ്ദേഹത്തിന്റെ ആഭ്യന്തര അജണ്ട ഏതാണ്ട് പൂര്‍ണ്ണമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരും സമൂലവുമായ വോട്ടര്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നതിനാണ്.