തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലം സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 69 പേരില്‍ 46 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേരുടെയും രോഗഉറവിടം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളിലും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റും സോണുകളിലും ബഫര്‍ സോണുകളിലും നിരീക്ഷണം ശക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ്, സോഷ്യല്‍മീഡിയാ പ്രചാരണം, മാദ്ധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് എന്നിവയെല്ലാം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.കണ്ടെയിന്‍മെന്റ് സോണുകളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു- പൊലീസ-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം രോഗവ്യാപനം ഏറ്റവും കൂടുതലുള്ള പൂന്തുറയില്‍ ഇതുവരെ 1,366 ആന്റിജന്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 262 കേസുകള്‍ പോസിറ്റീവാണ്. പരിശോധനകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 150 കിടക്കകളുള്ള ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അടിയന്തര പ്രാധാന്യത്തോടെ പൂന്തുറയില്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.