തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിശദീകരിക്കുന്നതിനിടെ ഇടയ്ക്ക് കയറി ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തനോട് അതൃപ്തി പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ തീരദേശങ്ങളിലെ അതിരൂക്ഷമായ കൊവിഡ് സാഹചര്യത്തെക്കുറിച്ചും പൂന്തുറയിലെ സ്ഥിതിവിശേഷത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്‍ മറ്റ് വിഷയത്തെ കുറിച്ച്‌ ചോദ്യം ചോദിച്ചത്.

‘ഏയ്…നിങ്ങള്‍ക്ക് ചില ധൃതിയുണ്ട്. ഈ പറയുന്ന ആള്‍ക്ക് ചില ധൃതിയുണ്ട്. ഇപ്പൊ ഇതൊന്നു പറഞ്ഞു തീര്‍ക്കട്ടെ. നാടാകെ ഈ ധൃതിയിലാണ്. മറ്റേതൊന്നും അത്ര ധൃതിയുള്ള കാര്യമല്ല. അപ്പൊ ഇതൊന്ന് പറഞ്ഞു തീര്‍ത്തോട്ടെ. എന്നിട്ട് നിങ്ങള്‍ മറ്റത്തില് വാ…’ മാദ്ധ്യമപ്രവര്‍ത്തകനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

തീരദേശങ്ങളില്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ടവര്‍ ഉണ്ടായാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് പ്രയാസം വരുമെന്നും അതിലും നല്ലത് എന്താണെന്ന് നാം ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വഴി അവരെ മാറ്റി പാര്‍പ്പിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു സാഹചര്യം വേണ്ടതുണ്ടെങ്കില്‍ അതിനും സര്‍ക്കാര്‍ സന്നദ്ധമാവും.

എന്നാല്‍ തീരദേശത്ത് താമസിക്കുന്നവരുമായി ആലോചിച്ചുകൊണ്ട്, അവരെ ബോദ്ധ്യപ്പെടുത്തി മാത്രമേ ഇക്കാര്യം ആവശ്യമെങ്കില്‍ നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം 95 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 88 പേര്‍ സമ്ബര്‍ക്ക രോഗികളാണ്. തിരുവനന്തപുരത്ത് പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ്‌ ഉണ്ടായിട്ടുണ്ടെന്നും ഇവിടെ ജനം പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.