കാസര്‍ഗോഡ് കോവിഡ് ലക്ഷണമുള്ളയാള്‍ മരിച്ചു. ഇദ്ദേഹത്തിന്റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ് ആയിട്ടുണ്ട്. ഗുരുതരാവസ്ഥയിരുന്ന അബ്ദുള്‍ റഹ്മാനെ ആംബുലന്‍സിലാണ് തലപ്പാടിയില്‍ എത്തിച്ചത്. തലപ്പാടിയില്‍ നിന്ന് കാര്‍ മാര്‍ഗം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ആശുപത്രിയില്‍ നടത്തിയ ട്രൂ നാറ്റ് പരിശോധനയിലാണ് ഫലം പോസറ്റീവായത്. വിദഗ്ധ പരിശോധനയ്ക്കായി സ്രവം പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. മഞ്ചേശ്വരം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറി വന്ന പ്രിന്‍സിപ്പള്‍ എസ്‌ഐയും മറ്റ് രണ്ട് പേരുമാണ് രോഗബാധിതരായിരുന്നവരുടെ സമ്പര്‍ക്കത്തെ തുടര്‍ന്ന് ക്വാറന്റീനില്‍ പോയത്. മൂന്ന് പേരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.