ന്യു ജെഴ്‌സി: കോവിഡ് മഹാദുരന്തമായി മനുഷ്യ സമൂഹത്തിനു മേല്‍ നിപതിച്ചപ്പോള്‍, ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ച് മാതൃകയാവുകയാണ് ന്യു ജേഴ്സിയില്‍, ഈസ്റ്റ് ബ്രണ്‍സ്വിക്കിലുള്ള സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ദേവാലയം. കോവിഡ് മൂലം നാട് ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍, മാര്‍ച്ച മുപ്പത് മുതല്‍, പള്ളി അങ്കണത്തില്‍, ഒരു കലവറ തുറന്നിരിക്കുകയാണ്, പള്ളി അംഗങ്ങള്‍.
നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് രണ്ടു ബ്രെക്ഫാസ്റ്റ്, രണ്ടു ലഞ്ച്, രണ്ടു ഡിന്നര്‍, ഇത് കൂടാതെ ലഘുഭക്ഷണവും അടങ്ങിയ നൂറു പാക്ക് ഭക്ഷണമാണ് രണ്ടു ദിവസമായി വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചത് – അതായത്, 800 മീല്‍സ്. കോവിടുമായി ബന്ധപ്പെട്ട ചട്ടപ്രകാരം കേടു വരാത്ത ഭക്ഷണം ആണ് വിതരണം ചെയ്യുന്നത്.
ദേവാലയം, നഗരത്തില്‍ നിന്ന് അകന്നു ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍, അധികം ആളുകള്‍, ഭക്ഷണത്തിനായി വന്നിരുന്നില്ല. പിന്നീട് ന്യുബ്രണ്‍സ്വിക്ക് നഗരസഭയുടെ അധികാരികളുമായി ബന്ധപ്പെട്ടു. നഗരത്തില്‍ കുറച്ചു കൂടി തിരക്കുള്ള ഒരു സ്ഥലം കണ്ടെത്തുകയും, ന്യൂബ്രണ്‍സ്വിക്കിലുള്ള മറ്റൊരു പള്ളിയുമായി സഹകരിച്ചു കൂടുതല്‍ ആളുകളിലേക്ക് ഈ ഭക്ഷണം എത്തിക്കാന്‍ കഴിയുകയും ചെയ്തു.
അരമണിക്കൂര്‍ കൊണ്ട് തന്നെ ഒരു ദിവസത്തിലേക്ക് പാക്ക് ചെയ്യുന്ന ഭക്ഷണം തീര്‍ന്നു പോകുന്നു, എന്നറിയുമ്പോള്‍ തന്നെ ആവശ്യക്കാരുടെ എണ്ണം ഊഹിക്കാവുന്നതാണ്.
ദീര്‍ഘകാലമായി ചാരിറ്റി രംഗത്തു പ്രവര്‍ത്തിക്കുന്ന ഇടവകാംഗവും മുന്‍ യു.എന്‍. ഉദ്യോഗസ്ഥനുമായ , സോമന്‍ ജോണ്‍ തോമസാണ് ഈ സന്നദ്ധപ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നത്. പ്ലെയ്ന്‍ഫീല്‍ഡിലെ ‘ഗ്രേസ് സൂപ്പ് കിച്ചനി’ന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗവും, വോളണ്ടിയറുമായ സോമന്‍ തോമസിനെ അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.
അദ്ദേഹത്തോടൊപ്പം, സെന്റ്‌റ് സ്റ്റീഫന്‍സ് ദേവാലയത്തിന് വേണ്ടി ഒരുകൂട്ടം മനുഷ്യസ്‌നേഹികളും ഈ മാത്രുകാ സംരംഭത്തിനു വേണ്ടി രംഗത്തുണ്ട്.
കോവിഡ് കാലത്ത് മലയാളി സമൂഹം പൊതുവെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നു സോമന്‍ തോമസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റു പലരും അങ്ങനെയല്ലെന്നാണു ഭക്ഷണ വിതരണത്തിനു ചെന്നപ്പോള്‍ മനസിലായത്. ഭക്ഷണത്തിനു വേണ്ടി ദീര്‍ഘനേരം ക്യൂവില്‍ കാത്തുകിടക്കുക മത്രമല്ല ചിലപ്പോള്‍ അതിനായി കടിപിടി കൂടുകയും ചെയ്യുന്നു.

ഈ സഹചര്യത്തില്‍ സേവനപ്രവര്‍ത്തനത്തിനു കഴിയുന്നവരൊക്കെ രംഗത്തിറങ്ങണം.