തിരുവനന്തപുരം: നഗരത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിന് സെക്രട്ടറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയില്‍ തടയാതിരിക്കാനും സെക്രട്ടേറിയറ്റില്‍ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ ചീഫ് സെകട്ടറി ഡോ.വിശ്വാസ് മേത്ത സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കി.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നോര്‍ക്ക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സെക്രട്ടറിമാരുടെ ഓഫീസ് പ്രവര്‍ത്തിക്കും. ഇതു കൂടാതെ സെകട്ടേറിയറ്റിലെ വാര്‍ റൂം, കാന്റീന്‍ എന്നിവയും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കും.

അതുകൊണ്ട്, തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന സെക്രട്ടേറിയറ്റിലെ ഇത്തരം ജീവനക്കാരുടെ ഓഫീസിലേക്കുള്ള യാത്രയും സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനവും തടയാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.