കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സഹല്‍ ഹംസ ഒളിവില്‍ കഴിയവെ തട്ടിപ്പ് നടത്തിയതായി പോലീസിന്റെ കണ്ടെത്തല്‍. കര്‍ണാടകയിലെ ഷിമോഗയിലെ കാന്‍സര്‍ ചികിത്സാകേന്ദ്രത്തിലെ ബുക്കിങ് ടോക്കണ്‍ എടുത്ത് മറിച്ചുവിറ്റായിരുന്നു സഹല്‍ കഴിഞ്ഞിരുന്നത്.

കര്‍ണാടകയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലയാളിക്ക് ഒളിസങ്കേതങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത്. ഷിമോഗയിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് ടോക്കണ്‍ വലിയ തുകയ്ക്ക് മറിച്ചുവിറ്റ് പണം സമ്ബാദിക്കുകയായിരുന്നു സഹല്‍. ഇതിനായി ക്ലിനിക്കില്‍നിന്ന് സഹല്‍ മുന്‍കൂട്ടി ടോക്കണ്‍ വാങ്ങിയിരുന്നു.

സഹല്‍ ഒളിവില്‍ കഴിഞ്ഞ കര്‍ണാടകയിലെ ഷിമോഗ, ബെംഗളൂരു, തമിഴ്നാട്ടിലെ ഏര്‍വാഡി, നാഗൂര്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്താനായി പ്രത്യേക പോലീസ് സംഘത്തെ അയച്ചു. ചൊവ്വാഴ്ച പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സഹലിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ ആയുധം കണ്ടെത്താന്‍ പോലീസിനായിട്ടില്ല. എ.സി.പി. എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.

2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് ക്യാമ്ബസില്‍വെച്ച്‌ അഭിമന്യൂ കൊല്ലപ്പെട്ടത്. കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പോപ്പുലര്‍ഫ്രണ്ട്-ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്.

എന്നാല്‍ സഹല്‍, മുഹമ്മദ് ഷഹീം എന്നീ പ്രതികളെ കൊലപാതകം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പോലീസിന് പിടികൂടാനായിരുന്നില്ല. പിന്നീട് ഷഹീം കഴിഞ്ഞ നവംബറില്‍ കീഴടങ്ങുകയായിരുന്നു. അഭിമന്യൂവിന്റെ സുഹൃത്തായ അര്‍ജുനെ കുത്തിയത് ഷഹീമായിരുന്നു. 2020 ജൂണ്‍ 18-നാണ് അഭിമന്യൂവിനെ കുത്തിയ സഹല്‍ കോടതിയില്‍ കീഴടങ്ങിയത്. രണ്ട് വര്‍ഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.