കൊച്ചി : കൊച്ചിയില്‍ യുവനടിയെ വിവാഹത്തട്ടിപ്പിന് ഇരയാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ സ്ത്രീകളും. വരന്റെ അമ്മയെന്ന വ്യാജേന ഷംനയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചത് മുഖ്യപ്രതിയുടെ ഭാര്യയാണെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പിന് ഇവരും കൂട്ടുനിന്നതായും ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പിടിച്ചെടുത്തതായും ഐജി വിജയ് സാക്കറെ വ്യക്തമാക്കി.

വിവാഹ തട്ടിപ്പിന് വിശ്വാസ്യതയുണ്ടാക്കാന്‍ പ്രതികള്‍ സ്ത്രീകളെ ഉപയോഗിച്ചു. വരനായി അഭിനയിച്ച അന്‍വര്‍ അലിയുടെ ഉമ്മ സഹ്റ എന്ന വ്യാജ പേരിലായിരുന്നു ഫോണ്‍ സംഭഷണം.

ഫിദ എന്ന പേരില്‍ ഒരു കുട്ടിയെയും ഷംന കാസിമിന് പരിചയപ്പെടുത്തിയിരുന്നു. ഷംന കാസിം അന്‍വര്‍ അലിയ്ക്കായി അയച്ച മെസേജുകള്‍ക്ക് പ്രതികളെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ഒരുമിച്ചിരുന്നായിരുന്നു ഇവരുടെ ഫോണ്‍ സംഭഷണവും വാട്സ് ആപ് ചാറ്റുകളും. ഈ രേഖകളെല്ലാം പ്രതികളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തി.