സാവോ പോളോ: അര്‍ജന്റീനയിലും ബ്രസീലിലും ആശങ്ക പരത്തി വെട്ടുകിളി ആക്രമണം. പരാഗ്വയില്‍ നിന്നുമാണ് വെട്ടുകിളികള്‍ അര്‍ജന്റീനയിലേക്ക് കടന്നിരിക്കുന്നത്. ഒരു ദിവസം 150 കിലോമീറ്ററോളം ദൂരം ഇവയ്ക്ക് സഞ്ചരിക്കാനാകുമെന്നാണ് കണക്ക്. ബ്രസീലിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കെനിയയിലും ഇന്ത്യയിലുമാണ് വെട്ടുകിളി ആക്രമണം രൂക്ഷമായി തുടരുന്നത്.കടുത്ത വെട്ടുകിളി ആക്രമണത്തെ തുടര്‍ന്ന് ഭക്ഷ്യക്ഷാമ ഭീഷണിയിലാണ് എത്യോപ്യ, സൊമാലിയ, ഉഗാണ്ട എന്നീ രാജ്യങ്ങള്‍.

വെട്ടുകിളി ആക്രമണത്തെ തുടര്‍ന്ന് അര്‍ജന്റീനയിലെ സാന്റാ ഫെ, ഫോര്‍മോസ പ്രവിശ്യകളിലെ കരിമ്ബ്, ഗോതമ്ബ്, ഓട്സ്, ചോളം കൃഷികള്‍ക്ക് വ്യാപകമായ നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോറിയെന്റെസ് പ്രവിശ്യയിലേക്ക് നീങ്ങിയ വെട്ടുകിളികളെ നശിപ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോറിയെന്റെസിനോട് അതിര്‍ത്തി പങ്കിടുന്ന ബ്രസീലും ഉറുഗ്വയും സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അര്‍ജന്റീനയും ചുറ്റുമുള്ള രാജ്യങ്ങളും ഇതാദ്യമായല്ല വെട്ടുകിളി ഭീഷണി നേരിടുന്നത്. 2017ലും 2019ലും അര്‍ജന്റീനയില്‍ വന്‍ വെട്ടുകിളി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് വൈറസ് വ്യാപനം ഗുരുതരമായി തുടരുമ്ബോള്‍ വെട്ടുകിളികളുടെ കടന്ന് വരവ് ബ്രസീലിന് കനത്ത തിരിച്ചടിയായേക്കും.

നിലവില്‍ മേയ് 21 മുതല്‍ അര്‍ജന്റീനയിലെ വിളകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് 40 ദശലക്ഷത്തോളം വെട്ടുകിളികള്‍. കഴിഞ്ഞാഴ്ചയാണ് ഇക്കൂട്ടര്‍ അര്‍ജന്റീനയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്കും ബ്രസീലിയന്‍ അതിര്‍ത്തി മേഖലകളിലേക്കും നീങ്ങി തുടങ്ങിയത്. റിയോ ഗ്രാന്റെ ഡോ സള്‍, സാന്റാ കാറ്ററീന എന്നീ ബ്രസീലിയന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളായി ബ്രസീലില്‍ പെയ്യുന്ന മഴയും തണുത്ത കാലാവസ്ഥയും വെട്ടുകിളികളുടെ വരവിന്റെ വേഗത കുറച്ചതായി നിരീക്ഷകര്‍ പറയുന്നു.