തിരുവനന്തപുരം: ജൂലൈ 10 ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്സി നിരക്ക് കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ യാണ് പണിമുടക്ക്. അതേസമയം ജൂലൈ 6ന് ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിക്കാനും തീരുമാനിച്ചു.

മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി യോഗത്തില്‍ വി.ആര്‍. പ്രതാപ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ സംയുക്ത സമരസമിതി സംസ്ഥാന കണ്‍വീര്‍ കെ.എസ്. സുനില്‍കുമാര്‍, നാലഞ്ചിറ ഹരി (സി.ഐ.ടി.യു), പട്ടം ശശിധരന്‍ (എ.ഐ.ടി.യു.സി), മാഹീന്‍ അബൂബക്കര്‍ (എസ്.ടി.യു.), കവിടിയാര്‍ ധര്‍മന്‍ (കെ.ടി.യു.സി), ആര്‍.എസ്. വിമല്‍കുമാര്‍ (ഐ.എന്‍.ടി.യു.സി), മലയന്‍കീഴ് ചന്ദ്രന്‍ (എച്ച്‌.എം.എസ്.) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.