ഹോണോലുലു: ഹവായ് ദ്വീപിലെ കിലോയ അഗ്നിപർവതം മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായി. അഗ്നിപർവത്തിനു ചുറ്റും തീയും പുകയുമാണ്.
കിലോയയിലെ ഹലേമൗമൗ ഗർത്തത്തിനുള്ളിലെ വിള്ളലുകളിൽനിന്ന് ലാവ പുറത്തേക്ക് ഒഴുകുകയാണെന്ന് യുഎസ് ജിയോളജിക്കൽ സർവേയുടെ ഹവായിയൻ അഗ്നിപർവത നിരീക്ഷണാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതം എന്ന പേരുള്ള കിലോയ 1983 മുതൽ കൃത്യമായ ഇടവേളകളിൽ തീതുപ്പുന്നുണ്ട്. മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾ പഴക്കമുള്ളതാണ് കിലോയ.
നാലായിരത്തിലധികം അടി ഉയരമുള്ള പർവതത്തിന്റെ പേരിന്റെ അർഥം ‘എപ്പോഴും പ്രവഹിക്കുന്നത്’ എന്നാണ്. 1990ലുണ്ടായ ഒരു പൊട്ടിത്തെറിയിൽ ഹവായിയിലുള്ള കാലാപന എന്ന പട്ടണം പൂർണമായി ലാവാപ്രവാഹത്തിൽ നശിച്ചിരുന്നു.