കൊച്ചി: അനധികൃത പൂജ നടന്നതിന് പിന്നാലെ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. പൊന്നമ്പല മേട്ടിലെ അനധികൃത പൂജ സംബന്ധിച്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നിര്‍ദ്ദേശം. ഇതോടൊപ്പം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 

പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിന് സഹായം ചെയ്ത വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ രാജേന്ദ്രന്‍, സാബു, ഇടനിലക്കാരന്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് പിടിയിലായത്. ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പല മേട്ടിലെത്തിയത്. ഇവര്‍ തന്നെയാണ് പൂജ നടത്തുന്ന ദൃശ്യങ്ങളെടുത്തത്.