ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ക്വാളിഫയര്‍ പോരാട്ടത്തിനിടെ പേസര്‍ മതീഷ പതിരാനക്ക് പന്തെറിയാനായി മനപൂര്‍വം കളി വൈകിപ്പിച്ച് ചെന്നൈ നായകന്‍ എം എസ് ധോണിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഗുജറാത്ത് ഇന്നിംഗ്സിലെ പതിനാറാം ഓവറിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അതിന് മുമ്പ് ഒരോവര്‍ പന്തെറിഞ്ഞിരുന്ന പതിരാന  ഗ്രൗണ്ട് വിട്ടിരുന്നു. എന്നാല്‍ പതിനാറാം ഓവര്‍ എറിയാനായി പതിരാന വീണ്ടുമെത്തിയപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് വിട്ടു നിന്ന സമയം വീണ്ടും ഗ്രൗണ്ടില്‍ തുടര്‍ന്നാലെ പന്തെറിയാനാവു എന്ന് അമ്പയര്‍മാര്‍ ചൂണ്ടിക്കാട്ടി.

ഇതോടെ ധോണിയും ചെന്നൈ ടീം അംഗങ്ങളും അമ്പയര്‍മാരുമായി സംസാരിക്കാന്‍ തുടങ്ങി. പതിരാന ഗ്രൗണ്ടില്‍ നിന്ന് വിട്ടു നിന്ന നേരമത്രയും അമ്പയര്‍മാരോട് സംസാരിച്ച് സംമയം കളഞ്ഞ ധോണി ഒടുവില്‍ എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ പതിരാനയെ പന്തെറിയാന്‍ വിളിച്ചു. ഗുജറാത്ത് ഇന്നിംഗ്സിലെ നിര്‍ണായക ഓവറായിരുന്നു അത്. ആ ഓവര്‍ പതിരാനക്ക് എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ലങ്കന്‍ പേസര്‍ക്ക് തന്‍റെ ക്വോട്ട പൂര്‍ത്തിയാക്കാനാവില്ലായിരുന്നു.

മാത്രമല്ല, പതിനാറാം ഓവര്‍ എറിയാനായി തന്‍റെ ആറാം ബൗളറായ മൊയീന്‍ അലിയെ ധോണിക്ക് ആശ്രയിക്കേണ്ടിയും വരുമായിരുന്നു. ആ സമയം 30 പന്തില്‍ 71 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. റാഷിദ് ഖാനും വിജയ് ശങ്കറുമായിരുന്നു ഈ സമയം ക്രീസില്‍. മനപൂര്‍വം കളി വൈകിപ്പിച്ചാല്‍ നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താന്‍ കഴിയുമായിരുന്നുള്ളു. മാത്രമല്ല, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയും ലഭിക്കും. ഇത് രണ്ടും സ്വീകരിക്കാന്‍ തയാറായാണ് ധോണി മനപൂര്‍വം കളി വൈകിപ്പിച്ചത്.

ധോണിയുടെ തന്ത്രത്തിനെതിരെ ഗുജറാത്ത് താരങ്ങളാരും പ്രതിഷേധിച്ചില്ലെങ്കിലും മത്സരശേഷം വിജയ് ശങ്കര്‍ ചെന്നൈയുടെ തന്ത്രത്തെ പരോക്ഷമായി വിമര്‍ശിച്ചു. ബോധപൂര്‍വം കളിയുടെ വേഗം കുറക്കാനുള്ള ധോണിയുടെ തന്ത്രമായിരുന്നു അതെന്ന് വിജയ് ശങ്കര്‍ മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ധോണി ബൗളര്‍മാരെ ഉപയോഗിച്ച രീതി മനോഹരമായിരുന്നുവെന്നും അതാണ് അദ്ദേഹത്തിന്‍റെ മികവെന്നുമായിരുന്നു ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രതികരണം.