ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷങ്ങളും കാണാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിനേയും ഓസ്‌ട്രേലിയൻ ആരാധകരേയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി, സിഡ്‌നിയിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അൽബാനീസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം “ടി20 മോഡിലേക്ക്” പ്രവേശിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

“ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിനായി പ്രധാനമന്ത്രി ആന്റണി അൽബനീസിനെയും എല്ലാ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരാധകരെയും ഞാൻ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. ആ സമയത്ത്, ഇന്ത്യയിലെ  ദീപാവലി ആഘോഷം നിങ്ങൾക്കും കാണാനാകും,” അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ്. ഇത് നമ്മുടെ സമഗ്രമായ ബന്ധത്തിന്റെ ആഴവും നമ്മുടെ ബന്ധങ്ങളുടെ പക്വതയും പ്രതിഫലിപ്പിക്കുന്നു. ക്രിക്കറ്റിന്റെ ഭാഷയിൽ, ഞങ്ങളുടെ ബന്ധം ടി20 മോഡിലേക്ക് പ്രവേശിച്ചു,” പ്രധാനമന്ത്രി മോദി പറഞ്ഞു. ഓസ്‌ട്രേലിയയിൽ വിഘടനവാദികൾ ക്ഷേത്രങ്ങൾക്കു നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് ഉഭയകക്ഷി യോഗത്തിൽ ചർച്ച ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം അപകടത്തിലാക്കുന്ന ഇത്തരം ഘടകങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.