ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി മറികടക്കാനുണ്ടാക്കിയ കേന്ദ്ര ഓർഡിനൻസ്, പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പ്രതിപക്ഷത്ത് നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കവുമായി ബി.ജെ.പി ഡൽഹി നേതാക്കളെ രംഗത്തിറക്കി. ഡൽഹിയിലെ ബി.ജെ.പി നേതാക്കളും എം.പിമാരുമായ ഹർഷ് വർധൻ, മനോജ് തിവാരി, രമേശ് ബിദുരി, ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ട്യ തുടങ്ങിയവരാണ് കെജ്രിവാളിനെതിരായി രംഗത്തുവന്നത്.

മുമ്പ് ഡൽഹി ഭരിച്ച വിവിധ രാഷ്ട്രീയ ചിന്താധാരകളിൽപെട്ട മുഖ്യമന്ത്രിമാർ ആരും സൃഷ്ടിക്കാത്ത വിവാദമാണ് 2013ന് ശേഷം ഉണ്ടാകുന്നതെന്ന് ബി.ജെ.പി എം.പി ഹർഷ് വർധൻ ആരോപിച്ചു. മികച്ച പ്രതിഛായയുള്ള സ്വന്തം ചീഫ് സെക്രട്ടറിയെ പോലും വിശ്വാസമില്ലാത്ത ഡൽഹി മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ നിരന്തരം അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരം സംബന്ധിച്ച് വ്യക്തതയില്ലാത്ത മേഖലകളിൽ വ്യക്തത വരുത്തി നിയമം നിർമിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഓർഡിനൻസ് എന്നും ബി.ജെ.പി എം.പി മനോജ് തിവാരി അവകാശപ്പെട്ടു.