ന്യൂഡൽഹി: ഡൽഹി വിശ്വാസ് നഗറിലെ ‘അനധികൃത’ കെട്ടിടങ്ങൾ ഡൽഹി വികസന അതോറിറ്റി നേതൃത്വത്തിൽ ഇടിച്ചുനിരത്തുന്നതിനെതിരെ താമസക്കാർ സമർപ്പിച്ച ഹരജിയിൽ സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാനുള്ള ഹൈകോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ഏഴ് ദിവസം സമയം അനുവദിച്ചു. ഇതിന് ശേഷം കെട്ടിടങ്ങൾ പൊളിക്കാമെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

താമസസ്ഥലങ്ങൾ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സംബന്ധിച്ച് ജൂലൈ ആദ്യ ആഴ്ചക്കകം മറുപടി നൽകണമെന്ന് കോടതി ഡൽഹി വികസന അതോറിറ്റിയോട് നിർദേശിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയാണ് വിശ്വാസ് നഗറിലെ താമസകേന്ദ്രങ്ങൾ പൊളിക്കാൻ ആരംഭിച്ചത്. വിഷയം വെക്കേഷൻ ബെഞ്ചിന്‍റെ അടിയന്തര ശ്രദ്ധയിൽപെടുത്തുകയായിരുന്നു.

കസ്തൂർബ നഗർ റെസിഡൻസ് അസോസിയേഷനാണ് പൊളിക്കലിനെതിരെ ഹരജി നൽകിയത്. അധികൃതർ അനധികൃതമാണെന്ന് പറയുന്ന സ്ഥലത്ത് 40 വർഷമായി തങ്ങൾ താമസിച്ചുവരികയാണെന്നും എല്ലാ രേഖകളുമുണ്ടെന്നും ഇവർ പറയുന്നു. വോട്ടർ ഐ.ഡി കാർഡ്, ഇലക്ട്രിസിറ്റി, ഗ്യാസ് കണക്ഷൻ, വീട്ടുനികുതി, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ രേഖകളുമുണ്ടെന്നും ഇവർ പറയുന്നു. താമസസ്ഥലങ്ങൾ പൊളിച്ചുനീക്കുകയാണെങ്കിൽ എല്ലാവരേയും പുനരധിവസിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.