60 വർഷം മുമ്പ് 70 പൗണ്ടിന് (ഏകദേശം 7,000 രൂപ) വാങ്ങിയ വാച്ച് അടുത്തിടെ 40,000 പൗണ്ടിന് (ഏകദേശം 41 ലക്ഷം രൂപ) ലേലത്തില്‍ വിറ്റു.  1963-ലെ റോളക്‌സ് സബ്‌മറൈനർ വാച്ചാണ് ഇത്രയും കൂടിയ വിലയ്ക്ക് വിറ്റ് പോയത്, ആന്‍റിക്‌സ് റോഡ്‌ഷോയിൽ ഇത് £50,000 നും £60,000 നും ഇടയിൽ ( ഏകദേശം 55-66 ലക്ഷം രൂപ ) വിലയാണ് നല്‍കിയിരുന്നത്.

റോയൽ നേവി സെർച്ച് ആൻഡ് റെസ്ക്യൂ ഡൈവർ സൈമൺ ബാർനെറ്റിന്‍റെ ഉടമസ്ഥതയിലുള്ള വാച്ചാണിത്.  പിന്നീട് 2019-ൽ അദ്ദേഹത്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ മകൻ പീറ്റർ ബാർനെറ്റിന് പാരമ്പര്യമായി ഇത് ലഭിച്ചു. വാച്ച് വളരെ വിലപ്പെട്ടതായി തോന്നിയതിനാല്‍ എല്ലാ ദിവസവും അത് ധരിക്കാൻ പീറ്റർ മടിച്ചു. 

1964-ൽ അച്ഛന്‍ സിംഗപ്പൂരിലായിരുന്നപ്പോള്‍ വാങ്ങിയതാണ് ഈ വാച്ച്. ഇത് തന്‍റെ കുടുംബത്തിന് വിലപ്പെട്ട സമ്പത്തായിരുന്നുവെന്ന് പീറ്റര്‍ പറയുന്നു. പ്രധാനപ്പെട്ട സൈനീക – രക്ഷാദൗത്യങ്ങള്‍ക്കിടെ സൈമണ്‍ ഈ വാച്ച് ധരിച്ചതിനാല്‍ ഈ റോളക്സിനോട് ഒരു ഫാഷൻ പരിവേഷത്തിനും അപ്പുറമുള്ള ഒരു ആത്മബന്ധം ആ കുടുംബത്തിന് ഉണ്ടായിരുന്നു. നാവികസേനാ ഉദ്യോഗസ്ഥനായ സൈമണ്‍ ഏകദേശം 23 വർഷത്തോളം ഈ വാച്ച് ധരിച്ചു. “ഇത് കഠിനമായ തീരുമാനമാണ്, പക്ഷേ അത് വിൽക്കുന്നത് ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നുന്നു,” പീറ്റർ പറഞ്ഞു.

നോർഫോക്കിലെ ഡിസ്സിൽ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സൈമണിന്‍റെ മകന്‍ പീറ്റർ. അച്ഛന്‍റെ വാച്ച് കൈയില്‍ അണിഞ്ഞപ്പോഴെല്ലാം തനിക്ക് അച്ഛനോട് കൂടുതൽ അടുപ്പം തോന്നിയതായി അദ്ദേഹം പറയുന്നു. “എന്നാൽ അതിന്‍റെ മൂല്യം എത്രയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍… എന്‍റെ കൈത്തണ്ടയിൽ 60,000 പൗണ്ട് കൊണ്ട് നടക്കാൻ എനിക്ക് കഴിഞ്ഞില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളത്തിൽ മുങ്ങുമ്പോഴും സൈമൺ ഈ വാച്ച് ധരിച്ചിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. “അദ്ദേഹം എത്ര നേരം വെള്ളത്തിനടിയിൽ ആയിരുന്നുവെന്ന് അവനറിയണമായിരുന്നു. അക്കാലത്ത്  റോളക്സ് ഒരു അന്തർവാഹിനി ഉപകരണമായിരുന്നു, അത് ഇപ്പോൾ ഫാഷൻ ആക്സസറിയായി മാറിയിട്ടില്ല, ”ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ലേലം നടത്തിയ എലിസബത്ത് ടാല്‍ബോട്ട് വാച്ച് തികച്ചും അപൂര്‍വ്വമായ ഒന്നാണെന്ന് വിശേഷിപ്പിച്ചു. ഇന്നലെ നടന്ന ലേലത്തില്‍ യുകെ സ്വദേശിയാണ് വാച്ച് നേടിയത്. എന്നാല്‍ അദ്ദേഹം തന്‍റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.