ലണ്ടൻ: ബ്രിട്ടീഷ് പൗരന്മാർ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാൽ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാൻ. കൺസർവേറ്റീവ് പാർട്ടിയുടെ വാർത്താസമ്മേളനത്തിനിടയ്ക്കായിരുന്നു മന്ത്രി ‘പുതിയ ആശയം’ പങ്കുവച്ചത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ല എന്നും സുവെല്ല ബ്രേവർമാൻ കൂട്ടിച്ചേർത്തു. 

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം ഒരു ലക്ഷത്തിൽ താഴെയാക്കി കുറയ്ക്കുമെന്നായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ ഈ വർഷം യു.കെയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ഏഴു ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

രണ്ടാം തവണയാണ് ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ ബ്രിട്ടന്റെ ആഭ്യന്തര മന്ത്രിയാകുന്നത്. നേരത്തെ ലിസ് ട്രസ്സിന്റെ കാബിനറ്റിലിരിക്കെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച സുവെല്ല ബ്രേവർമാൻ റിഷി സുനാക് അധികാരത്തിലെത്തിയപ്പോൾ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു.