യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു.

ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവിൽ വിവാദത്തിൽ പെടുന്നത്.

ഇതോടെ പ്രതികരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം രംഗത്തെത്തി. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. വരികൾക്കിടയിലൂടെ വായിച്ച് അതിനെ വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടതെന്നും ഒരു മരണത്തെ പോലും വളച്ചൊടിച്ച് ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചിന്ത പ്രതികരിച്ചു.