സൂര്യയും വിക്രവും പ്രധാനവേഷത്തിലെത്തിയ ‘പിതാമകൻ’ ഉൾപ്പടെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമാതാവാണ് വി.എ ദുരെെ. രോ​ഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും ദുരെെ പറയുന്ന ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി സഹായങ്ങൾ നിർമാതാവിനെ തേടിയെത്തിയിരുന്നു. ദുരൈക്ക് സാമ്പത്തികസഹായവുമായി സൂര്യയും രജനീകാന്തും രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, പിതാമകൻ സിനിമയിൽ സംവിധായകനും താരങ്ങൾക്കും നൽകിയ പ്രതിഫലം വെളിപ്പെടുത്തുകയാണ് നിർമാതാവ്. ദുരെെയുടെ ഈ വീഡിയോയും ശ്രദ്ധ നേടുകയാണ്. 1.25 കോടിയാണ് പിതാമകനിൽ അഭിനയിക്കുന്നതിനായി വിക്രമിന് നൽകിയതെന്ന് ദുരെെ പറയുന്നു. സംവിധായകൻ ബാലയ്ക്ക് 1.15 കോടി നൽകിയെന്നും നിർമാതാവ് വെളിപ്പെടുത്തി. സൂര്യയ്ക്ക് അഞ്ചുലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. വീഡിയോയിലൂടെ വിക്രമിനോട് എന്തെങ്കിലും സഹായം ചെയ്യണമെന്ന് ദുരെെ അഭ്യർത്ഥിക്കുന്നുമുണ്ട്. 

പിതാമകനിലെ പ്രകടനത്തിന് വിക്രമിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തേത്തുടർന്ന് 2003-ൽ പുതിയൊരു ചിത്രമൊരുക്കാൻ സംവിധായകൻ ബാലയ്ക്ക് ദുരൈ 25 ലക്ഷം രൂപ അഡ്വാൻസായി നൽകിയിരുന്നു. എന്നാൽ ഈ ചിത്രം നടന്നില്ല. അഡ്വാൻസായി വാങ്ങിയ തുക ബാല തിരികെ നൽകിയിരുന്നുമില്ല.

2022-ൽ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസിൽ ചെന്ന് പ്രതിഷേധിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നിർമാതാവ് എ.എം രത്നത്തിന്റെ സഹായിയായിരുന്നു മുമ്പ് ദുരൈ. രജനികാന്തിന്റെ ബാബ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ പിന്നണിയിൽ ദുരൈ ഉണ്ടായിരുന്നു. ബാബയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ദുരൈ. പിന്നീട് എവർ​ഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി തുടങ്ങുകയായിരുന്നു. ഈ കമ്പനിയുടെ ബാനറിൽ എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമ​കൻ, ​ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്.