കാലിഫോർണിയ: ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിനായി തങ്ങൾ തയാറാക്കുന്ന ആണവ-അന്തർവാഹിനി കപ്പൽപട പദ്ധതിക്ക് യു.എസ്-ബ്രിട്ടൺ-ആസ്‌ട്രേലിയ സഖ്യം ധാരണയിലെത്തി. പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ സഖ്യം പുറത്തുവിട്ടു. ഓക്കസ് ഉടമ്പടി പ്രകാരം ആസ്‌ട്രേലിയക്ക് യു.എസിൽനിന്ന് കുറഞ്ഞത് മൂന്ന് ആണവ അന്തർവാഹിനി ലഭിക്കും.

ബ്രിട്ടൻ നിർമിത റോൾസ് റോയ്സ് റിയാക്ടറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പുതിയ നാവികശക്തി വികസിപ്പിക്കാനും സഖ്യകക്ഷികൾ തയാറാവും. എന്നാൽ, സഖ്യത്തിന്‍റെ സുപ്രധാന നാവിക കരാറിനെ ചൈന ശക്തമായി വിമർശിച്ചു. മൂന്നു രാജ്യങ്ങളും ‘തെറ്റിന്റെയും അപകടത്തിന്റെയും പാതയിലൂടെ കൂടുതൽ മുന്നോട്ട് നടക്കുന്നു’ എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

പാശ്ചാത്യ സഖ്യകക്ഷികൾ ആണവ നിർവ്യാപന ശ്രമങ്ങളെ പിന്നോട്ടടിക്കുന്നതായി ചൈനയുടെ യു.എൻ ഘടകവും നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ, ഈ കരാർ മേഖലയിലെ സമാധാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അന്തർവാഹിനികൾ ആണവശക്തിയുള്ളതാണെന്നും ആണവായുധങ്ങളല്ലെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.