മുംബൈ: പരിക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലെ പകുതിയോളം മത്സരങ്ങൾ നഷ്ടമാകും. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് അയ്യർക്ക് പരിക്കേറ്റത്. പുറംവേദനയെത്തുടർന്ന് താരത്തിന് നാലാം ടെസ്റ്റിൽ കളിക്കാനായില്ല.

വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ശ്രേയസ്സിന് നഷ്ടമാകും. പിന്നാലെ വരുന്ന ഐ.പി.എല്ലും ഭാഗികമായി നഷ്ടപ്പെടും. 

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാണ് ശ്രേയസ് അയ്യർ. ശ്രേയസ് ഇല്ലാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. മാർച്ച് 31 നാണ് ഐ.പി.എൽ ആരംഭിക്കുന്നത്. നിലവിലെ അവസ്ഥയിൽ ശ്രേയസ്സിന് ഏപ്രിൽ അവസാന വാരം വരെ വിശ്രമമെടുക്കേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.