ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞപ്പോഴും, ഇടിവിൽ നിന്ന് ഒരാഴ്ച്ച കൊണ്ട് തിരിച്ചു കയറാൻ തുടങ്ങിയ ഒരു ഓഹരിയാണ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ. അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനി അദാനി എന്റർപ്രൈസസ് ആണെങ്കിലും, ഹിൻഡൻബർഗിന് നിലം പരിശാക്കാൻ സാധിക്കാതെ പോയ, അദാനി ഓഹരിയാണിത്. മാർച്ച് 13ന് വ്യാപാരം അവസാനിക്കുമ്പോൾ ഓഹരിവില 697.85 നിലവാരത്തിലാണുള്ളത്. കഴിഞ്ഞ ഒരു മാസത്തിൽ നിന്നും 26% ഉയർച്ചയാണിത്.

മോട്ടിലാൽ ഓസ്വാളിന്റെ റിപ്പോർട്ട് പ്രകാരം, 21 വിശകലന വിദഗ്ധർ, ഈ ഓഹരിക്ക് വാങ്ങൽ നിർദേശമാണ് നൽകിയിരിക്കുന്നത്. ജെഎം ഫിനാൻഷ്യൽ ഈ ഓഹരിക്ക് 800 രൂപ ലക്ഷ്യവിലയാണ് നിശ്ചയിച്ചിരിക്കുന്നത്. 2024 മാർച്ചിനുള്ളിൽ ഈ നിലവാരമെത്തുമെന്നാണ് പ്രവചനം.

ഇന്ത്യൻ ഓഹരിവിപണിയിലെ പ്രധാന ഓഹരിയായി അദാനി പോർട്സ് തുടരുമെന്ന് ആഭ്യന്തര ബ്രോക്കറേജ് ഹൗസുകളും വിലയിരുത്തുന്നു. 2023-2025 സാമ്പത്തിക വർഷത്തിൽ 16% വോളിയം ഗ്രോത്തുണ്ടാവുമെന്നാണ് പ്രവചനം. വരുമാനത്തിൽ 15%, EBITDA വളർച്ച 15%, PAT വളർച്ച 13% എന്നിങ്ങനെ ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. 

ശക്തമായ ക്യാഷ് ഫ്ലോ ഉണ്ടാവുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അദാനി പോർട്സിനെ, ഐസിഐസിഐ ഡയറക്ട് ഈ മാസത്തെ സ്റ്റോക്ക് പിക്കിൽ ഉൾപ്പെടുത്തിയിരുന്നു. 800 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. കൊടക് ഇൻസ്റ്റിസ്റ്റ്യൂഷണൽ ഇക്വിറ്റീസ്,തങ്ങളുടെ ഫെബ്രുവരി റിപ്പോർട്ടിൽ ഈ ഓഹരിക്ക് 810 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.