നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ വെബ്സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. പിന്നാലെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഒരു പ്രസ്താവനയും പ്രത്യക്ഷപ്പെട്ടു. ജനുവരി 30 ന് എംഎന്‍എം കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് പ്രഖ്യാപനമാണ് www.maiam.com-ല്‍ പ്രത്യക്ഷപ്പെട്ടത്. ഹാക്കിങ് ആണെന്ന് സ്ഥിരീകരണം വരുന്നതിന് മുമ്പുണ്ടായ പ്രഖ്യാപനം പാര്‍ട്ടി പ്രവര്‍ത്തകരെ അമ്പരപ്പിച്ചു.

മണിക്കൂറുകള്‍ക്ക് ശേഷമാണ് എംഎന്‍എമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായും അത്തരം ഭീഷണികളില്‍ പാര്‍ട്ടി പതറില്ലെന്നും ഉചിതമായ മറുപടി നല്‍കുമെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിപ്പ് വന്നത്. ലയനത്തെക്കുറിച്ചുള്ള പ്രസ്താവന പിന്നീട് പിന്‍വലിച്ചു. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഇത് ഹാക്കര്‍മാരുടെ നീക്കമാണെന്നും പാര്‍ട്ടി വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കമല്‍ഹാസന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നതോടെയാണ് എംഎന്‍എം കോണ്‍ഗ്രസുമായി ലയിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എംഎന്‍എം പിന്തുണ പ്രഖ്യാപിച്ചിരുന്നു.