ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മുമായി സഖ്യത്തിൽ മത്സരിക്കാനൊരുങ്ങുന്ന കോൺഗ്രസ് 17 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അഗർത്തല എംഎൽഎയും മുൻ ബിജെപി മന്ത്രിയുമായ സുദീപ് റോയ് ബർമൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കും.

സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി 60 നിയമസഭാ സീറ്റുകളിൽ 47 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഈ ആഴ്‌ച ആദ്യം പ്രഖ്യാപിച്ചിരുന്നു. 47 സീറ്റുകളിൽ, കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്‌റ്റ്) 43 സീറ്റുകളിൽ മത്സരിക്കും, മറ്റ് ഇടതുപക്ഷ പങ്കാളികളായ സിപിഐ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക് എന്നിവയ്ക്ക് ഓരോ സ്ഥാനാർത്ഥി വീതം. 24 പുതുമുഖങ്ങളെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.

2018ൽ ബിജെപി അധികാരത്തിൽ എത്തുന്നതിന് മുൻപ് മുമ്പ് 25 വർഷം ത്രിപുര ഭരിച്ച ഇടതുമുന്നണിയുടെ പ്രധാന പ്രതിപക്ഷം കോൺഗ്രസായിരുന്നു എന്നതിനാൽ, കോൺഗ്രസ്-സിപിഐ(എം) സഖ്യം സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലെ വലിയൊരു മാറ്റമാണ്.

അതേസമയം, 2018ലെ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ ബിജെപി 35ഉം, സിപിഐഎം 16ഉം ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്‌ടി) എട്ട് സീറ്റും നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റും നേടാൻ കഴിഞ്ഞിരുന്നില്ല. 

നേരത്തെ മുൻ കോൺഗ്രസ് നേതാവും, രാജകുടുംബാംഗവുമായ പ്രദ്യോത് ദേബ് ബർമാൻ സ്ഥാപിച്ച പ്രാദേശിക പാർട്ടിയായ TIPRAയുമായി തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിനായി ബിജെപി ഉന്നതർ ചർച്ച നടത്തിയെങ്കിലും ഇത് ഉപേക്ഷിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അതേസമയം, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 16നും, വോട്ടെണ്ണൽ മാർച്ച് 2നും നടക്കും.