ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഇപ്പോഴും നിര്‍മ്മാണത്തിലാണെന്നും നിലവിലെ കെട്ടിടത്തില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. പുതിയ കെട്ടിടത്തില്‍ സമ്മേളനം നടത്തുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ജനുവരി 31 ന് ആണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി 13 വരെ തുടരും. തുടര്‍ന്ന് മാര്‍ച്ച് 13 ന് വീണ്ടും ചേരുന്ന സമ്മേളനം ഏപ്രില്‍ 6 വരെ തുടരുകയും ചെയ്യും.

അതിനിടെ, സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ വെബ്സൈറ്റില്‍ നിന്ന് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രങ്ങള്‍ വെള്ളിയാഴ്ച നീക്കം ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ പ്രോജക്ട് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കാനുള്ള യഥാര്‍ത്ഥ സമയപരിധി 2022 നവംബര്‍ ആയിരുന്നു. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റിന്റെ തറക്കല്ലിട്ടത്.