ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരം പിന്‍വലിച്ച് ഗുസ്തി താരങ്ങള്‍. ലൈംഗികാരോപണങ്ങളില്‍ പൂര്‍ത്തിയാകുന്നതുവരെ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബബ്രിജ് ഭൂഷണിനെ മാറ്റിനിര്‍ത്തുമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചതിന് പിന്നാലെയാണിത്. അന്വേഷണം നാലാഴ്ച നീണ്ടുനില്‍ക്കുമെന്നാണ് സൂചന.

സമരക്കാരുമായി താന്‍ ഏഴുമണിക്കൂറോളം സംസാരിച്ചിരുന്നുവെന്നും ഇവരെല്ലാം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡബ്ല്യുഎഫ്ഐ ഉള്‍പ്പെട്ട കേസ് അന്വേഷിക്കാന്‍ മന്ത്രാലയം ഒരു മേല്‍നോട്ട സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ വിശദീകരണം തേടുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വെള്ളിയാഴ്ച രാത്രി വൈകി നടത്തിയ പത്രസമ്മേളനത്തിലാണ് അനുരാഗ് താക്കൂറിന്റെ പ്രഖ്യാപനം.

നാലാഴ്ചയ്ക്കുള്ളില്‍ സമിതി അന്വേഷണം പൂര്‍ത്തിയാക്കും. അതുവരെ അന്വേഷണവുമായി സഹകരിച്ചുകൊണ്ട് ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് തന്റെ ദൈനംദിന ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) റിപ്പോര്‍ട്ട് വരുന്നതുവരെ സമരം നടത്തില്ലെന്ന് ഗുസ്തിക്കാര്‍ പറഞ്ഞതായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

നേരത്തെ, ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐഒഎ ഏഴംഗ സമിതിക്കാണ് രൂപം നല്‍കിയത്. ന്യായമായ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും മുന്‍ കാലങ്ങളിലും ഡബ്ല്യുഎഫ്ഐ തലവനില്‍ നിന്ന് താരങ്ങള്‍ക്ക് ഭീഷണിയുണ്ടായെന്നും ബജ്രംഗ് പുനിയ പറഞ്ഞു.

ഏഴംഗ സമിതി

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൺ ശരണിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ഒളിമ്പിക് അസോസിയേഷൻ ഏഴംഗ സമിതിയെ നിയോഗിച്ചു. മേരി കോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്.

ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിളിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. 

ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗട്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ്  താരങ്ങൾ രംഗത്തെത്തിയത്. 

എന്താണ് വിവാദം?

വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും അടക്കമുള്ള നിരവധി മുന്‍നിര ഗുസ്തി താരങ്ങള്‍ ദേശീയ തലസ്ഥാനമായ ജന്തര്‍ മന്തറില്‍ ഡബ്ല്യുഎഫ്ഐക്കും മേധാവിക്കുമെതിരെ പ്രതിഷേധം നടത്തിവരികയാണ്. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് 
വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് വിനേഷ് ഫോഗട്ട് ആരോപിച്ചത്. എന്നാല്‍ ലൈംഗിക പീഡനം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഒരു കായികതാരം എങ്കിലും മുന്നോട്ട് വന്ന് ഇത് തെളിയിച്ചാല്‍ താന്‍ തൂങ്ങിമരിക്കുമെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺസിംഗ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബി ജെ പി എംപിയാണ്