ബെംഗളൂരു: കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി 21 വയസ്സായി തുടരും. 18 വയസ്സായി കുറയ്ക്കുന്നതിനുള്ള കരട് രേഖയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ നിര്‍ദിഷ്ട ഭേദഗതി പിന്‍വലിച്ചു. നിലവിലെ പ്രായ പരിധി തുടരാന്‍ ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുജനങ്ങളും അസോസിയേഷനുകളും മാധ്യമങ്ങളും ഉന്നയിച്ച എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കര്‍ണാടക എക്‌സൈസ് വകുപ്പ് അറിയിച്ചു.

1965ലെ കര്‍ണാടക എക്‌സൈസ് നിയമത്തിലെ സെക്ഷന്‍ 36(1)(ജി) പ്രകാരം 18 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് വിലക്കുന്നുണ്ട്. എന്നാല്‍, 1967ലെ കര്‍ണാടക എക്സൈസ് (ലൈസന്‍സ് പൊതു വ്യവസ്ഥകള്‍) ചട്ടം 10(1)(ഇ) പ്രകാരം 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആക്ടിലെയും ചട്ടങ്ങളിലെയും പ്രായവുമായി ബന്ധപ്പെട്ട ഈ വൈരുദ്ധ്യം നീക്കാനാണ് നീക്കം നടത്തിയതെന്ന് വകുപ്പ് അറിയിച്ചു. പ്രസ്തുത കരട് ചട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.