കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയാനാകില്ലെന്ന് കോടതി. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ തടയണമെന്ന പ്രതിയുടെ ഹര്‍ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി. 

കിരണ്‍ കുമാറിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 25 വര്‍ഷം തടവാണ് കോടതി വിധിച്ചിരുന്നതെങ്കിലും ഇത് ഒന്നിച്ച് പത്ത് വര്‍ഷമാക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ ശിക്ഷ നടപ്പാക്കുന്നത് തന്റെ അപ്പീലില്‍ വിധി വരുന്നത് വരെ തടയണമെന്നാണ് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് നിരസിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്തായിരുന്നു വിസ്മയ കേസിലെ ശിക്ഷാ വിധി പുറപ്പെടുവിച്ചത്. രണ്ട് ലക്ഷം രൂപ വിസ്മയയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. ഐപിസി 304 B വകുപ്പ് പ്രകാരം 10 വര്‍ഷം തടവും, 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും, രണ്ട് ലക്ഷം രൂപ പിഴയും, പിഴ അടയ്ക്കാതിരുന്നാല്‍ ആറ് മാസം തടവും വിധിച്ചു. 498 വകുപ്പ് പ്രകാരം 2 വര്‍ഷം തടവും 50,000 രൂപ പിഴയും പിഴ ഈടാക്കാത്ത പക്ഷം മൂന്ന് മാസം തടവും വിധിച്ചു. സ്ത്രീധന നിരോധന നിയമ പ്രകാരം 6 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാതിരുന്നാല്‍ 18 മാസം തടവും സെക്ഷന്‍ 4 അനുസരിച്ച് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും പിഴ അടയ്ക്കാതിരുന്നാല്‍ 15 ദിവസം തടവും വിധിച്ചിട്ടുണ്ട്. പിഴത്തുകയായ പന്ത്രണ്ട് ലക്ഷത്തി അമ്പത്തയ്യായിരം രൂപയില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധി ആയിട്ടുണ്ട്.

വിധി പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി പ്രതിയായ കിരണ്‍കുമാറിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. കുടുംബത്തിന്റെ ചുമതല തനിക്കെന്ന് കിരണ്‍ കോടതിയോട് പറഞ്ഞു. അച്ഛന് അവശതകളുണ്ടെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. പ്രായം കോടതി പരിഗണിച്ച് ശിക്ഷാ ഇളവ് നല്‍കണമെന്ന് കിരണ്‍ ആവശ്യപ്പെട്ടു. സമൂഹത്തിന് മാതൃകാപരമായ ശിക്ഷാ വിധിയായിരിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിധി സമൂഹത്തിന് പാഠമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ അത്മഹത്യയെ കൊലപാതകമായി കണക്കാക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സര്‍വ്വീസ് ചട്ടവും പ്രോസിക്യൂഷന്‍ കോടതിയെ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങരുതെന്ന ചട്ടം നിലവിലുണ്ടെന്നും പ്രോസിക്യൂട്ടര്‍ അഡ്വ.മോഹന്‍രാജ് വാദിച്ചു.

ആത്മഹത്യ പ്രേരണക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ കോടതികളൊന്നും ഇതു വരെ വിധിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. കൊലപാതകത്തിന് സമാനമല്ല ആത്മഹത്യ പ്രേരണക്കുറ്റമെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രതിക്ക് മാനസാന്തനത്തിനുള്ള അവസരം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള വാദിച്ചു. രാജ്യത്തെ ആദ്യത്തെ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം അല്ലെന്ന് പറഞ്ഞ് കേസിനെ ലഘൂകരിക്കാനാണ് പ്രതിഭാഗം അഭിഭാഷകന്‍ ശ്രമിച്ചത്.

കിരണ്‍ കുമാറിനെതിരെ പോലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്നാണ് കോടതി കണ്ടെത്തിയത്. ഐപിസി 304 (B), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകള്‍ മാത്രമാണ് തള്ളിക്കളഞ്ഞത്.