ലോസ്‌ആഞ്ചലസ്: ലോസ്‌ആഞ്ചലസ് മേയറായി കേരൺ ബാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡിസംബർ 11 ഞായറാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബ്ലാക്ക് വനിത മേയർ പദവി അലങ്കരിക്കുന്നത്.

ഈ ചരിത്ര മുഹൂർത്തിനു സാക്ഷ്യം വഹിക്കാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും എത്തിയിരുന്നു. സിറ്റി നേരിടുന്ന പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുക എന്ന് സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മേയർ പറഞ്ഞു.

സിറ്റിയുടെ തെരുവോരങ്ങളിൽ 40,000 പേരാണു ഭവനരഹിതരായി കഴിയുന്നത്. രാജ്യത്തെ ഏറ്റവും ജനനിബിഡമായ സിറ്റി എന്ന ദുഷ്പേര് ലോസ്‌ആഞ്ചലസിനാണ് എന്നുള്ളത് യഥാർത്ഥ്യമാണെന്നും എന്നാൽ എല്ലാവർക്കും പാർപ്പിട സൗകര്യങ്ങൾ നൽകുമെന്നും മേയർ പറഞ്ഞു. 2020 നേക്കാൾ 1.7 ശതമാനം കൂടുതൽ ഭവനരഹിതരാണ് ഇപ്പോൾ ഉള്ളത്. അടുത്ത വർഷാവസാനത്തോടെ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നു മേയർ പ്രത്യാശ പ്രകടിപ്പിച്ചു.

ബൈഡൻ ഭരണകൂടവുമായി നല്ല ബന്ധമാണ് ഉള്ളതെന്നും ഈ ബന്ധം പരമാവധി പ്രയോജനപ്പെടുത്തുമെന്നും മേയർ പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ നാലു സിറ്റികളുടെ (ന്യൂയോർക്ക് – എറിക് ആംഡംസ്), ഷിക്കാഗോ – ലോറി ലൈറ്റ് ഫുട്ട്), ഹൂസ്റ്റൺ സിൽവസ്റ്റർ ടർണർ, മേയർമാർ കറുത്ത വർഗക്കാരാണ്.