കൊച്ചി: അഞ്ച് രാജ്യങ്ങൾ പിന്നിട്ട് റോഡ് മാർഗം യൂറോപ്പിൽ നിന്ന് ഒരുഡസനിലേ​റെ കാരവാനുകളിലായി കേരളത്തി​ലെത്തിയ ടൂറിസ്റ്റുകളെ മോട്ടോര്‍ വാഹനവകുപ്പ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞത് വിമർശനത്തിനിടയാക്കുന്നു. ടൂറിസ്റ്റുകൾ വന്ന കാരവൻ വാഹനം രൂപമാറ്റം വരുത്തി എന്നാരോപിച്ച് 10,000 രൂപ പിഴ ഈടാക്കാൻ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയായിരുന്നു. ഒടുവിൽ ടൂറിസം മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് പ്രമുഖ ബ്ലോഗർ നിരക്ഷരൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം പ്രതികരിച്ചു.

ടൂറിസം എന്ന പരിപാടിയിൽ നിന്ന് വല്ല വരുമാനവും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത്തരം പിടിച്ചുപറി നിർത്തണമെന്നും അല്ലെങ്കിൽ കള്ളും ലോട്ടറിയും വിറ്റ്, കിറ്റ് വാങ്ങാനാവശ്യമായ പണം വായ്പ്പയെടുത്ത് തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്നും നിരക്ഷരൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 

‘കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഒരു വശത്ത് ടൂറിസം മന്ത്രി. ഏത് രാജ്യത്തെ ടൂറിസ്റ്റ് വന്നാലും, ഇന്നാട്ടിലെ മോട്ടോർ വാഹന നിയമം പറഞ്ഞ് പണം പിടുങ്ങാൻ നിൽക്കുന്ന കർമ്മനിരതരും നിയമം കടുകിട തെറ്റിക്കാത്തവരുമായ ഉദ്യോഗസ്ഥ പുംഗവന്മാർ മറുവശത്ത്. ഇന്നാട്ടിൽ ടൂറിസം അൽപ്പമെങ്കിലും നടന്ന് പോകുന്നത് ഇവിടത്തെ പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമാണ്. അതും എത്ര നാളെന്ന് കണ്ടറിയണം. അഞ്ച് രാജ്യങ്ങൾ കടന്ന് വരുന്ന വാഹനങ്ങളാണത്. അവർ പുറപ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി പാലിച്ച് ഉണ്ടാക്കിയിട്ടുള്ള വാഹനങ്ങളാകും അതെന്ന് ഒരു സംശയവും വേണ്ട. കടന്നുപോകുന്ന എല്ലാ രാജ്യങ്ങളിലേയും മോട്ടോർ വാഹനനിയമം പഠിച്ച് അതിനനുസരിച്ച് കാരവാനുകൾ ഉണ്ടാക്കി ഒരാൾക്കും ലോകം ചുറ്റാനാവില്ല. അവരുടെ വാഹനങ്ങൾ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. അതല്ല ഇവിടത്തെ നിയമം കട്ടായം പാലിച്ചിരിക്കണമെന്നാണെങ്കിൽ ഒരൊറ്റ വിദേശ കാരവാനും കേരളത്തിലേക്കോ ഇന്ത്യയിലേക്കോ പ്രവേശിപ്പിക്കാനാവില്ല.

അവരുടെ നിയമങ്ങളും നിബന്ധനകളുമാകില്ല നമ്മുടേത് എന്നത് തന്നെ കാരണം. മാത്രമല്ല ബാക്കി നാല് രാജ്യത്തുമില്ലാത്ത എന്ത് പ്രത്യേക നിയമമാണ് വാഹനങ്ങളുടെ കാര്യത്തിൽ ഈ കൊച്ചുസംസ്ഥാനത്തിനുള്ളത് ? ആ നിയമം അനുശാസിച്ച് കുറഞ്ഞ പക്ഷം ഇന്നാട്ടിലെ വാഹനങ്ങളെങ്കിലും നിരത്തിലോടുന്നുണ്ടോ ? അവരെ ഇതുപോലെ കൃത്യമായി പിടിച്ച് ഫൈനടിപ്പിക്കുന്നുണ്ടോ ?’  -അദ്ദേഹം ചോദിച്ചു.

പ്രത്യേകം തയാറാക്കിയ കാരവൻ വാഹനങ്ങളിൽ ലോകരാജ്യങ്ങൾ ചുറ്റി സഞ്ചരിക്കുന്ന 33 അംഗ വിദേശികളുടെ സംഘമാണ് കഴിഞ്ഞദിവസം തേക്കടിയിലെത്തിയത്. ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഇവർക്കൊപ്പം ഡൽഹിയിൽനിന്നുള്ള മൂന്നു ഗൈഡുമാരും സഹായത്തിനുണ്ട്. ജർമനിയിൽനിന്നുള്ള സംഘം സ്വിറ്റ്സർലൻഡിലെത്തി അവിടെനിന്നുള്ള സംഘവും ചേർന്നു ഒരുമിച്ച് ലോകയാത്ര ആരംഭിക്കുകയായിരുന്നു.

135 ദിവസത്തെ യാത്രക്കിടെ ഏഴ് രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കി. ഒരു വർഷംകൊണ്ട് 18 രാജ്യം സന്ദർശിക്കാനാണ് തീരുമാനം. ആസ്ട്രേലിയയിൽ യാത്ര അവസാനിക്കും. ലോക സഞ്ചാരത്തിനിടെ മൂന്ന് മാസത്തോളം സംഘം ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കേരളത്തിന്‍റെ മനോഹാരിതയും പ്രകൃതിഭംഗിയും മനസ്സിലാക്കിയാണ് സംഘം സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങൾ സന്ദർശിച്ച് ഒടുവിൽ തേക്കടിയിലും എത്തിയത്.

പത്ത് ടണ്ണോളമുള്ള 18 കാരവൻ വാഹനങ്ങളാണ് യാത്രക്കായി ഉപയോഗിക്കുന്നത്. ഇവ ഒന്നിച്ച് പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാത്തതിനാൽ രണ്ടിടങ്ങളിലായാണ് പാർക്ക് ചെയ്യുന്നത്. ലോക സഞ്ചാരത്തിനായി ഓരോരുത്തരും 33,000 യൂറോയാണ് ചെലവഴിക്കുന്നത്. 

അതേസമയം, സംഭവത്തിന്  ശേഷം ടൂറിസ്റ്റുകളെ നേരിൽ കണ്ട് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുശലാന്വേഷണം നടത്തി. കേരളത്തിൻ്റെ കാരവൻ ടൂറിസത്തെ കുറിച്ച് മനസ്സിലാക്കി യാത്രയുടെ റൂട്ട് മാറ്റി ഇവിടേക്ക് വന്ന സഞ്ചാരികൾക്ക് നന്ദി പറഞ്ഞ് അദ്ദേഹം ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

‘ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും 16 കാരവാനുകളിലായി 31 സഞ്ചാരികൾ യാത്ര തിരിച്ചു. യൂറോപ്പില്‍ നിന്നും തുടങ്ങി 365 ദിവസം 17 രാജ്യങ്ങളിലൂടെ 50,000 കിലോമീറ്റര്‍ കാരവാനില്‍ സഞ്ചരിച്ച് ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. ഇന്ത്യയിൽ ഗോവ വരെയായിരുന്നു യാത്ര. ഇതിനിടയിലാണ് കേരളത്തിൻ്റെ കാരവൻ ടൂറിസത്തെ കുറിച്ച് ഇവർ മനസ്സിലാക്കുന്നത്. യാത്രയുടെ റൂട്ട് മാറ്റി 16 കാരവാനുകളും നേരെ കേരളത്തിലേക്ക്. ആലപ്പുഴയും കുമളിയും തേക്കടിയും കഴിഞ്ഞ് തിരുവനന്തപുരത്ത്. അവരെ നേരിൽ കാണാനും കേരളത്തിൻ്റെ ടൂറിസം ഡെസ്റ്റിനേഷനുകളെ കുറിച്ച് സംസാരിക്കാനും സാധിച്ചു’ -മന്ത്രി പറഞ്ഞു.