തിരുവനന്തപുരം : വിഴിഞ്ഞത്ത് ഇന്നും സമവായ നീക്കങ്ങൾ തുടരും. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്താനായിരുന്നില്ല. കൃത്യമായ ഉറപ്പ് സർക്കാരിൽ നിന്ന് ലഭിക്കുകയാണെങ്കിൽ മാത്രമേ
ചർച്ചയ്ക്കുള്ളൂ എന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. തുടർ ചർച്ചകൾ നടത്തി ഇക്കാര്യങ്ങൾ സമരസമിതിയെ അറിയിക്കാനാണ് സർക്കാർ നീക്കം.ഇതിന് ശേഷം ഇന്ന് വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മിൽ ചർച്ച നടത്താനാണ് ശ്രമം.ഈ ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രിയും സമരക്കാരെ കണ്ടേക്കും. കഴിഞ്ഞദിവസങ്ങളിലെ അനുരഞ്ജന നീക്കങ്ങൾ വിലയിരുത്താനായി ഇന്നും സമരസമിതി യോഗം ചേരും.

അതേസമയം നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ  പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവരും. കഴിഞ്ഞ ദിവസത്തെ സമവായ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദത്തിൽ ആക്കുകയാണ് പ്രതിപക്ഷ നീക്കം.

ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാൻ ഉള്ള ബിൽ നാളെ സഭയിൽ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച തന്നെ ബിൽ പാസ്സാക്കാൻ ആണ് ശ്രമം.ഗവർണറെ പിന്തുണക്കാൻ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിർക്കും.